മലപ്പുറം: കുറ്റിപ്പുറം പാലത്തിൽ ഏഴു മാസം മുൻപ് നടത്തിയ നവീകരണത്തിൽ അപാകതയുണ്ടെന്ന് വിജിലൻസിന്റെ കണ്ടെത്തൽ. പാലത്തിന്റെ 650 മീറ്റർ പ്രതലം 37 ലക്ഷം രൂപ ചെലവിൽ ടാർ ചെയ്‌ത് നവീകരിച്ചതിനു പിന്നിൽ അഴിമതിയുണ്ടെന്ന് പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ഇന്നലെ വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് അപാകതകൾ കണ്ടെത്തിയത്.
ആധുനിക സാങ്കേതിക വിദ്യയിലാണ് പാലത്തിൽ ടാറിങ് നടത്തിയത്. എന്നാൽ പാലത്തിന്റെ പ്രതലത്തിൽ പലയിടത്തും വിള്ളലുകളും പൊട്ടലും ഉള്ളതായി ഉദ്യോഗസ്‌ഥർ കണ്ടെത്തി. നവീകരണത്തിനു ശേഷം പൊട്ടിയ പ്രതലം പലയിടത്തും ടാർ ചെയ്‌ത് അടച്ചതും പരിശോധനയിൽ വ്യക്‌തമായിട്ടുണ്ട്. പാലത്തിന്റെ 4 ഭാഗങ്ങളിൽ നിന്ന് ഉദ്യോഗസ്‌ഥർ സാംപിളുകൾ ശേഖരിച്ചു.
ടാറിങ്ങിനായി ഉപയോഗിച്ച വസ്‌തുക്കളുടെ ഗുണനിലവാരം കണ്ടെത്താൻ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നതിനുശേഷം വിജിലൻസ് ഡയറക്റ്റർക്ക് റിപ്പോർട്ട് കൈമാറുമെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു. ഡി വൈ എസ് പി കെപി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ വിജിലൻസ് സിഐ എം ഗംഗാധരനും സംഘവുമാണ് പരിശോധന നടത്തിയത്. വിദഗ്‌ധ എൻജിനീയർമാരുടെ സാന്നിധ്യത്തിലാണ് പല ഭാഗങ്ങളിൽ കുഴിച്ചു പരിശോധിച്ചത്.
Malabar News: പീച്ചി ഡാം വ്യാഴാഴ്‌ച്ച മുതല്‍ തുറന്നു കൊടുക്കും; കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം
പാലത്തിലെ കോൺക്രീറ്റ് പ്രതലം പൂർണമായും തകർന്നതിനെ തുടർന്നാണ് ദേശീയപാതാ വിഭാഗം നവീകരണം നടത്തിയത്. 37 ലക്ഷം രൂപക്കാണ് കരാർ നൽകിയത്. 2019 നവംബർ 6ന് ആരംഭിച്ച നവീകരണ ജോലികൾ 2020 മാർച്ചിൽ പൂർത്തീകരിച്ചു.







































