ലേ: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്‌ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധം അക്രമാസക്‌തമായതോടെ പ്രദേശത്ത് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. പ്രതിഷേധക്കാർ ബിജെപി ഓഫീസിനും പോലീസിന്റേത് അടക്കമുള്ള വാഹനങ്ങൾക്കും തീയിട്ടതിനെ തുടർന്നാണ് സംഘർഷം കനത്തത്.
പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലുപേർ കൊല്ലപ്പെട്ടു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംസ്‌ഥാന പദവി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയിരുന്ന രണ്ട് മുതിർന്ന പൗരൻമാർ ഇന്നലെ തളർന്നു വീണിരുന്നു. ഇതേത്തുടർന്ന് ലേ നഗരം സമ്പൂർണമായി അടച്ചിടാൻ പ്രതിഷേധക്കാരായ വിദ്യാർഥി- യുവജന സംഘടനകൾ ആഹ്വാനം ചെയ്‌തിരുന്നു.
സെപ്‌തംബർ പത്തുമുതൽ 35 ദിവസമായി നിരാഹാര സമരത്തിലായിരുന്ന 15 പേരിൽ രണ്ടുപേരുടെ നില ഇന്നലെ വൈകീട്ടോടെ വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് എൽഎബി (ലേ അപെക്‌സ് ബോഡി) യുവജന വിഭാഗം പ്രതിഷേധത്തിനും അടച്ചിടലിനും ആഹ്വാനം ചെയ്‌തത്. ലഡാക്കിന് ആറാം ഷെഡ്യൂൾ വിപുലീകരണവും സംസ്‌ഥാന പദവിയും ആവശ്യപ്പെട്ട് കേന്ദ്രവുമായി നടത്താനിരിക്കുന്ന ചർച്ചകൾ വേഗത്തിലാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധക്കാരുടെ ആവശ്യങ്ങളിൽ ഇനി അടുത്ത റൗണ്ട് ചർച്ച ഒക്‌ടോബർ ആറിനാണ് നടക്കുന്നത്. ലേ അപെക്‌സ് ബോഡി (എൽഎബി), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) എന്നിവയിലെ അംഗങ്ങളാണ് ഈ പ്രതിനിധികൾ. അതേസമയം, ക്രമസമാധാനം പുനഃസ്‌ഥാപിക്കാൻ ലഡാക്കിൽ കൂടുതൽ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി