ലേ: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്‌ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധം അക്രമാസക്‌തമായി. ജനം പോലീസുമായി ഏറ്റുമുട്ടി. നാലുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേറ്റതുമായാണ് റിപ്പോർട്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചതോടെയാണ് പ്രതിഷേധം ശക്‌തമായത്.
ഇതേ ആവശ്യത്തിൽ ലേയിൽ നിരാഹാര സമരം നടത്തുകയായിരുന്ന സമര നേതാവ് സോനം വാങ്‌ചുക്, ഇന്ന് നടന്ന സംഘർഷത്തെ തുടർന്ന് നിരാഹാര സമരം അവസാനിപ്പിച്ചു. അടുത്തമാസം കേന്ദ്ര സർക്കാർ സമരക്കാരുമായി ചർച്ച നടത്താൻ നിശ്‌ചയിച്ചിരിക്കെയാണ് ഇന്ന് പ്രതിഷേധം അക്രമാസക്‌തമായത്.
പൊലീസിന് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാർ, പോലീസ് വാൻ അഗ്‌നിക്കിരയാക്കി. ലേ നഗരത്തിലെ ബിജെപി ഓഫീസും പ്രതിഷേധക്കാർ ആക്രമിച്ചു. ഓഫീസിന് തീവെച്ച സമരക്കാർ പോലീസിനെതിരെയും ആക്രമണം നടത്തിയതോടെയാണ് പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചത്. ലാത്തിച്ചാർജും നടത്തി. ലഡാക്കിൽ ഇത്തരമൊരു ഏറ്റുമുട്ടൽ ആദ്യമായാണ്.
സെപ്‌തംബർ പത്തുമുതൽ 35 ദിവസമായി നിരാഹാര സമരത്തിലായിരുന്ന 15 പേരിൽ രണ്ടുപേരുടെ നില ഇന്നലെ വൈകീട്ടോടെ വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് എൽഎബി (ലേ അപെക്‌സ് ബോഡി) യുവജന വിഭാഗം പ്രതിഷേധത്തിനും അടച്ചിടലിനും ആഹ്വാനം ചെയ്‌തത്. ലഡാക്കിന് ആറാം ഷെഡ്യൂൾ വിപുലീകരണവും സംസ്‌ഥാന പദവിയും ആവശ്യപ്പെട്ട് കേന്ദ്രവുമായി നടത്താനിരിക്കുന്ന ചർച്ചകൾ വേഗത്തിലാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധക്കാരുടെ ആവശ്യങ്ങളിൽ ഇനി അടുത്ത റൗണ്ട് ചർച്ച ഒക്‌ടോബർ ആറിനാണ് നടക്കുന്നത്. ലേ അപെക്‌സ് ബോഡി (എൽഎബി), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) എന്നിവയിലെ അംഗങ്ങളാണ് ഈ പ്രതിനിധികൾ. അതേസമയം, ക്രമസമാധാനം പുനഃസ്‌ഥാപിക്കാൻ ലഡാക്കിൽ കൂടുതൽ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.
Most Read| ശിശുമരണ നിരക്കിൽ അമേരിക്കയേക്കാൾ മികച്ച് കേരളം: നേട്ടം പങ്കുവെച്ച് ആരോഗ്യമന്ത്രി