കർണാടക: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കുമെന്ന് സൂചന. ഇന്ന് അമാവാസി നാളിൽ വേലിയിറക്കത്തിൽ പുഴയിലെ വെള്ളം കുറയുമെന്നും ഇറങ്ങാൻ സന്നദ്ധനാണെന്നും പ്രാദേശിക മൽസ്യത്തൊഴിലാളി ഈശ്വർ മൽപെ അറിയിച്ചതായി അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ അറിയിച്ചു.
മൂന്ന് മണിക്കൂറോളം പുഴയിൽ വെള്ളം കുറയുമെന്നാണ് കരുതുന്നത്. അർജുന്റെ ബന്ധുക്കൾ ഇന്ന് രാവിലെ ഷിരൂരിലെത്തും. അതേസമയം, ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്താൻ തൃശൂർ കാർഷിക സർവകലാശാലയുടെ ഡ്രഡ്‌ജർ എത്തിക്കേണ്ടെന്നാണ് തീരുമാനം. യന്ത്രം എത്തിച്ചാലും പുഴയിലെ ചെളിയും ഒഴുക്കും കാരണം പ്രവർത്തിപ്പിക്കാൻ ആകില്ലെന്നാണ് സ്‌ഥലം സന്ദർശിച്ച സമിതി തൃശൂർ ജില്ലാ ഭരണകൂടത്തിന് നൽകിയ റിപ്പോർട്.
അതിനിടെ, മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശീയപാത 66ൽ ഗതാഗതം പുനഃരാരംഭിച്ചു. ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലിന് 17 ദിവസത്തിന് ശേഷമാണ് ഈ പാതയിലൂടെ ഗതാഗതം അനുവദിച്ചത്. അപകടത്തിന് ശേഷം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഗതാഗതം നിരോധിച്ചിരുന്നത്. ഇപ്പോഴത്തെ നിബന്ധന പ്രകാരം 20 കിലോമീറ്റർ വേഗതയിലാണ് ഗതാഗതത്തിന് അനുമതി.
ഇതിനായി സൂചനാ ബോർഡുകളും സിഗ്‌നൽ ലൈറ്റുകളും സ്‌ഥാപിക്കും. കുന്നിൽ നിന്ന് വരുന്ന വെള്ളം നദിയിലേക്ക് ഒഴുക്കിവിടുന്നതിന് കാന പണിയാൻ നടപടികൾ സ്വീകരിക്കും. റോഡരികിൽ പാർക്കിങ്ങിന് നിരോധനമുണ്ട്. പരിശോധനക്കായി പോലീസിനെ നിയോഗിക്കും. ജൂലൈ 16ന് ഉത്തര കന്നഡ ജില്ലയിലെ ഷിരൂരിൽ രാവിലെ 8.30ഓടെ ഉണ്ടായ മണ്ണിടിച്ചിലിലാണ് അർജുനെ കാണാതായത്.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി