
അടിമാലി: ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറ ലക്ഷംവീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ വീട് തകർന്ന് കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ബിജു- സന്ധ്യ ദമ്പതികളെ പുറത്തെത്തിച്ചു. അബോധാവസ്ഥയിൽ ആയിരുന്ന ബിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
നാലര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് സന്ധ്യയെ പുറത്തെത്തിക്കാനായത്. സാരമായ പരിക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയ സന്ധ്യയെ, തുടർന്ന് വിദഗ്ധ ചികിൽസയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. സന്ധ്യയുടെ കാലിന് ഗുരുതര പരിക്കുണ്ടെന്നും പൊട്ടലുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
പുലർച്ചെ അഞ്ചുമണിയോടെയാണ് ബിജുവിനെ കോൺക്രീറ്റ് പാളികൾക്കിടയിൽ നിന്ന് പുറത്തെടുക്കാനായത്. ഇന്നലെ രാത്രി 10.45ഓടെയായിരുന്നു അപകടം. ദേശീയപാതയുടെ നിർമാണത്തിനായി മണ്ണെടുത്തതിനെ തുടർന്ന് 50 അടിയിലേറെ ഉയരത്തിൽ കട്ടിങ് ഉണ്ടായി. അതിന് മുകളിൽ അടർന്നിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിച്ചായിരുന്നു അപകടം.
രണ്ട് വീടുകൾ തകർന്നു. ഇതേ തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായി. വെള്ളിയാഴ്ചയും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് 22 കുടുംബങ്ങളെ വൈകീട്ടോടെ മാറ്റിപ്പാർപ്പിച്ചതിനാലാണ് വൻ ദുരന്തം ഒഴിവാക്കാൻ കാരണമായത്. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ബിജുവും സന്ധ്യയും തറവാട് വീട്ടിലേക്ക് മാറിയിട്ടും രേഖകൾ എടുക്കാൻ വേണ്ടിയാണ് വീട്ടിലേക്ക് എത്തിയത്.
ഇരുവരും വീടിന്റെ ഹാളിൽ നിൽക്കുമ്പോഴാണ് അപകടമുണ്ടായത്. മണ്ണിടിഞ്ഞുവീണ് വീടിന്റെ മേൽക്കൂര താഴേക്ക് പതിച്ച സ്ഥിതിയിലാണ്. പോലീസും അഗ്നിശമന സേനയും എൻഡിആർഎഫ് സംഘവും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അശാസ്ത്രീയമായ മണ്ണെടുക്കലാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ.
ദമ്പതികളുടെ മകൻ ഒരുവർഷം മുൻപ് കാൻസർ ബാധിച്ച് മരിച്ചിരുന്നു. മകൾ കോട്ടയത്ത് നഴ്സിങ് വിദ്യാർഥിനിയാണ്. അപകട സമയത്ത് മകൾ കോട്ടയത്തായിരുന്നു. ബിജുവിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ നടക്കും.
Most Read| പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പിട്ടത് അതീവ രഹസ്യമായി




































