മേപ്പാടി: കേരളത്തിന്റെ ഉള്ളുലച്ച വയനാട് ദുരന്തത്തിന്റെ ഒമ്പതാം ദിവസമായ ഇന്നും കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. ഇന്ന് വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന നടത്തുന്നത്. നേരത്തെ തിരച്ചിൽ നടത്തിയ ഇടങ്ങളിലടക്കം ഇന്ന് വിശദമായ പരിശോധന നടത്തും. സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധന ഇന്നും ഉണ്ടാകും.
സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്‌ടറിൽ ഇറങ്ങിയ പ്രത്യേക സംഘം ഇന്നലെ നാലുകിലോമീറ്റർ ദൂരം പരിശോധന നടത്തിയിരുന്നു. ഇന്ന് ആറുകിലോമീറ്റർ ദൂരം പരിശോധന നടത്താനാണ് ആലോചന. മരിച്ചവരിൽ തിരിച്ചറിയാത്ത 218 മൃതദേഹങ്ങൾ ഇതുവരെ സംസ്‌കരിച്ചു. പൂത്തുമലയിലെ ശ്‌മശാനഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച് സ്‌ഥിരം ശ്‌മശാന ഭൂമിയാക്കും.
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ 152 പേരെയാണ് കാണാതായതെന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം. ഇവരുടെ പേരും വിലാസവും ഫോട്ടോയും ഉൾപ്പടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ക്യാമ്പിൽ താമസിക്കുന്നവർ ഒഴിയുന്ന മുറയ്‌ക്ക് ജിവിഎച്ച്‌എസ് വെള്ളാർമലയിലെ കുട്ടികൾക്ക് ജിവിഎച്ച്‌എസ്‌എസ് മേപ്പടിയിലും മുണ്ടക്കൈ സ്‌കൂളിലെ കുട്ടികൾക്ക് ജിഎൽപിഎസ് മേപ്പടിയിലും പഠനസൗകര്യം ഒരുക്കും.
16 ക്യാമ്പുകളിലായി 648 കുടുംബങ്ങളിലെ 225 പേരാണുള്ളത്. 847 പുരുഷൻമാർ, 845 സ്‌ത്രീകൾ, 533 കുട്ടികൾ, നാല് ഗർഭിണികൾ എന്നിവരാണ് ക്യാമ്പുകളിൽ താമസിക്കുന്നത്. ഇവർക്ക് നഷ്‌ടപ്പെട്ട റേഷൻ കാർഡുകൾ ഇന്നുമുതൽ വിതരണം ചെയ്യും. ക്യാമ്പുകളിൽ കഴിയുന്നവരുടെ രക്‌ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയുടെ ഭാഗമായി ശേഖരിക്കുന്നുണ്ട്.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ