മേപ്പാടി: ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും വൻ ഉരുൾപൊട്ടൽ. പുലർച്ചെ ഒരു മണിക്കു ശേഷം കനത്ത മഴക്കിടെ ചൂരൽമല സ്‌കൂളിന് സമീപമാണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് മുണ്ടക്കൈ ടൗണിൽ രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി. മൂന്ന് ഉരുൾപൊട്ടൽ ഉണ്ടായതായി നാട്ടുകാർ പറയുന്നു. ഇതുവരെ 12 പേർ മരിച്ചതായി സ്‌ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേർക്ക് പരുക്കേറ്റു. മേപ്പാടി ആശുപത്രിയിൽ 33 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്.
വീടുകളിലും കടകളിലും വെള്ളവും ചെളിയും നിറഞ്ഞു. മേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമാണിത്. സൈന്യമെത്തി താൽക്കാലിക പാലം നിർമിക്കും.അഗ്‌നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ജില്ലാ കളക്‌ടർ, ജില്ലാ പൊലീസ് മേധാവി, ടി സിദ്ദിഖ് എംഎൽഎ ഉൾപ്പെടെയുള്ളവർ സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ്. ഫയർഫോഴ്‌സ്, എൻഡിആർഎഫ് ടീം സ്‌ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ രക്ഷാസംഘങ്ങൾ പ്രദേശത്തേക്കു പുറപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് ഒറ്റപ്പെട്ട ആളുകളെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്.
കോഴിക്കാട് ജില്ലയിൽ നാലിടത്ത് ഉരുൾപൊട്ടലുണ്ടായി. മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം ഭാഗങ്ങളിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. മഞ്ഞച്ചീളിയിൽ ഒട്ടേറെ വീടുകളും കടകളും തകർന്നു. ഒരാളെ കാണാതായി. വിലങ്ങാട് ടൗണിൽ വെള്ളം കയറി. പുഴകളിൽ ജലനിരപ്പുയരുന്നു.മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. ഒറ്റപ്പെട്ടു പോയ മിക്ക പ്രദേശങ്ങളിലേക്കും രക്ഷാപ്രവർത്തകർ എത്തിച്ചേരുന്നതേയുള്ളൂ. തകർന്നടിഞ്ഞ വീടുകളും ഗതിമാറി ഒഴുകുന്ന പുഴയും വന്‍തോതിൽ കുന്നുകൂടിക്കിടക്കുന്ന മരത്തടികളും ചെളിയും മാലിന്യങ്ങളുമാണ് ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ നിന്നുള്ള ദൃശ്യം.
MOST READ | ദോഡ ഭീകരാക്രമണം; രേഖാചിത്രങ്ങൾ പുറത്തുവിട്ട് പോലീസ്