തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്. 93 സീറ്റുകളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മേയർ ആര്യ രാജേന്ദ്രൻ പട്ടികയിൽ ഇല്ല. 70 സീറ്റുകളിൽ സിപിഎം മൽസരിക്കും. 31 സീറ്റുകളാണ് ഘടകകക്ഷികൾക്ക്.
ഇതിൽ സിപിഐ- 17, ജനതാദൾ എസ്-2, കേരളാ കോൺഗ്രസ് എം-3, ആർജെഡി- 3, ഐഎൻഎൽ- 1, കോൺഗ്രസ് എസ്-1, എൻസിപി-1, കേരളാ കോൺഗ്രസ് ബി- 1, ജനാധിപത്യ കേരളാ കോൺഗ്രസ്- 1, ജെഎസ്എസ്-1 എന്നിങ്ങനെയാണ് സീറ്റുകൾ. എട്ട് സീറ്റുകളിൽ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും.
യുഡിഎഫും കോൺഗ്രസും സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ കോർപറേഷനിൽ മൽസരചിത്രം തെളിഞ്ഞിരിക്കുകയാണ്. കുന്നുകുഴിയിൽ ഐപി ബിനുവും വഴുതക്കാട് രാഖി രവികുമാറും പേട്ടയിൽ എസ്പി ദീപക്കും മൽസരിക്കും. വളപ്പിൽ ഏരിയ സെക്രട്ടറി ആർപി ശിവജി, വഞ്ചിയൂർ ഏരിയ സെക്രട്ടറിയും മുൻ മേയറുമായ കെ. ശ്രീകുമാർ, പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു എന്നിവരും മൽസരരംഗത്തുണ്ട്.
ഇവരിലാരെങ്കിലും മേയർ സ്ഥാനാർഥിയാകുമെന്നാണ് നിഗമനം. യുഡിഎഫിന്റെ മേയർ സ്ഥാനാർഥി കെഎസ് ശബരീനാഥനെതിരെ കവടിയാറിൽ മുൻ കൗൺസിലറും സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ എ. സുനിൽകുമാറാണ് മൽസരിക്കുന്നത്. ശാസ്തമംഗലത്ത് എൻഡിഎ സ്ഥാനാർഥിയായ മുൻ ഡിജിപി ആർ. ശ്രീലേഖക്കെതിരെ സിപിഎമ്മിലെ അമൃത ആർ മൽസരിക്കും.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!








































