തിരുവനന്തപുരം: ബിജെപി ബന്ധ ആരോപണത്തിന്റെ പശ്‌ചാത്തലത്തിൽ, ഇപി ജയരാജൻ ഇടതുമുന്നണി കൺവീനർ സ്‌ഥാനം ഒഴിയുന്നു. രാജി സന്നദ്ധത അദ്ദേഹം പാർട്ടിയെ അറിയിച്ചു. ഇക്കാര്യം ഇന്ന് സംസ്‌ഥാന സമിതി ചർച്ച ചെയ്യും. സംസ്‌ഥാന സമിതിക്ക് കാക്കാതെ ഇപി ജയരാജൻ കഴിഞ്ഞ ദിവസം കണ്ണൂരിലേക്ക് മടങ്ങിയിരുന്നു.
ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി ഇപി ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ സാന്നിധ്യത്തിൽ കൂടിക്കാഴ്‌ച നടത്തിയെന്ന വിവരം വൻ വിവാദമായിരുന്നു. കൂടിക്കാഴ്‌ച നടത്തിയെന്ന് ഇപി ജയരാജനും സ്‌ഥിരീകരിച്ചിരുന്നു. രാഷ്‌ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നേതാക്കൾ പലരെയും കാണാറുണ്ട്. ഞാനും ജാവ്‌ദേക്കറിനെ കണ്ടിരുന്നു എന്നായിരുന്നു ഇതിൽ ഇപിയുടെ മറുപടി.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ ഇക്കാര്യത്തിൽ ഇപി ജയരാജനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇന്നത്തെ സംസ്‌ഥാന സമിതി ചർച്ച ചെയ്യുകയും നടപടി ഉണ്ടാകുമെന്നും ഉറപ്പായതോടെയാണ് ഇപി ജയരാജൻ രാജി സന്നദ്ധത അറിയിച്ചത്. നാളെ മുതൽ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമാകും. അതിന് മുമ്പായി പാർട്ടിയിലെ അച്ചടക്ക നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം.
പികെ ശശിക്കെതിരായ നടപടിയും ഇന്ന് സംസ്‌ഥാന സമിതി ചർച്ച ചെയ്യും. ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം രാവിലെ തുറന്ന് സമ്മതിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്റെ നടപടി രാഷ്‌ട്രീയ സ്‌ഫോടനങ്ങൾക്കാണ് തിരിതെളിച്ചത്.
Most Read| യുവാവിന്റെ പീഡന പരാതി; രഞ്‌ജിത്തിനെതിരെ കസബ പോലീസ് കേസെടുത്തു