തിരുവനന്തപുരം: ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്‌ഥാനത്ത് നിന്ന് നീക്കി. പകരം ചുമതല ടിപി രാമകൃഷ്‌ണന് നൽകി. ബിജെപി ബന്ധ ആരോപണത്തിന്റെ പശ്‌ചാത്തലത്തിലാണ് പാർട്ടിയുടെ അച്ചടക്ക നടപടി. ഇന്നലെ ഇപി കൂടി പങ്കെടുത്ത സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. ഇന്ന് നടക്കുന്ന സംസ്‌ഥാന സമിതിക്ക് കാക്കാതെ ഇപി ജയരാജൻ കഴിഞ്ഞ ദിവസം കണ്ണൂരിലേക്ക് മടങ്ങിയിരുന്നു.
ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി ഇപി ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ സാന്നിധ്യത്തിൽ കൂടിക്കാഴ്‌ച നടത്തിയെന്ന വിവരം വൻ വിവാദമായിരുന്നു. കൂടിക്കാഴ്‌ച നടത്തിയെന്ന് ഇപി ജയരാജനും സ്‌ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് നടപടി. കൂടിക്കാഴ്‌ച പാർട്ടിയെ പ്രതിസന്ധിയിൽ ആക്കിയെന്നാണ് വിലയിരുത്തൽ.
കൺവീനർ സ്‌ഥാനം ഒഴിയാൻ ഇപി താൽപര്യം പ്രകടിപ്പിച്ചെങ്കിലും അതിനപ്പുറത്തേക്ക് സംഘടനാപരമായി കൺവീനർ സ്‌ഥാനത്ത് നിന്ന് നീക്കിക്കൊണ്ട് നടപടിയെടുക്കാൻ മുന്നണിയോഗം തീരുമാനിക്കുകയായിരുന്നു. അതേസമയം, ഇപിക്കെതിരെ അച്ചടക്ക നടപടിയെടുക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്. കൺവീനർ സ്‌ഥാനത്ത് നിന്ന് മാറ്റുന്നതിന് സംസ്‌ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത് ഇപിക്ക് ഉൾക്കൊള്ളാനായിട്ടില്ലെന്നാണ് വിവരം.
രാഷ്‌ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നേതാക്കൾ പലരെയും കാണാറുണ്ട്. ഞാനും ജാവ്‌ദേക്കറിനെ കണ്ടിരുന്നു എന്നായിരുന്നു വിഷയത്തിൽ ഇപിയുടെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ ഇക്കാര്യത്തിൽ ഇപി ജയരാജനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം രാവിലെ തുറന്ന് സമ്മതിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്റെ നടപടി രാഷ്‌ട്രീയ സ്‌ഫോടനങ്ങൾക്കാണ് തിരിതെളിച്ചത്.
Most Read| ശിവാജി പ്രതിമ തകർന്നത് രാഷ്‌ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം; നാളെ പ്രതിഷേധ റാലി