തിരുവനന്തപുരം: ആർഎസ്എസ് ബന്ധം സംബന്ധിച്ച തന്റെ പരാമർശം നിലമ്പൂരിൽ വോട്ട് കുറയാൻ ഇടയാക്കിയിട്ടില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇടതുവോട്ടുകൾ പിവി അൻവറിന് പോയി. കഴിഞ്ഞ ഒമ്പത് വർഷം ഇടതുസർക്കാർ മണ്ഡലത്തിൽ നടത്തിയ വികസനം സ്വന്തം നേട്ടമായി പ്രചരിപ്പിച്ചാണ് അൻവർ വോട്ട് നേടിയതെന്നും ഗോവിന്ദൻ പറഞ്ഞു.
എൽഡിഎഫിനെ വഞ്ചിച്ച് പോയ അൻവർ യുഡിഎഫിന് വേണ്ടിയാണ് കളം മാറിയത്. നിലമ്പൂരിലെ സംഘടനാ ദൗർബല്യം പരിശോധിച്ച് നടപടികൾ സ്വീകരിക്കും. മുൻ തിരഞ്ഞെടുപ്പുകളിലെ നില പരിശോധിച്ചാൽ നിലമ്പൂരിൽ ഇടതുപക്ഷത്തിന് രാഷ്‌ട്രീയമായ വോട്ട് 40,000ത്തിനടുത്ത് അടുത്താണ്. ഇത്തവണ അത് 66,660 വർധിപ്പിക്കാൻ സാധിച്ചത് രാഷ്‌ട്രീയ അടിത്തറ വർധിപ്പിക്കാൻ കഴിഞ്ഞതുകൊണ്ടാണെന്നും ഗോവിന്ദൻ പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വർഷം ഇടതുഭരണത്തിൽ സ്വതന്ത്ര എംഎൽഎ വലിയ വികസന പ്രവർത്തനങ്ങളാണ് നിലമ്പൂരിൽ നടത്തിയത്. സർക്കാരിന്റെ ഈ വികസന പ്രവർത്തനങ്ങൾ ആകെ തന്റെ നേട്ടങ്ങളാണെന്ന് പ്രചരിപ്പിച്ച് സ്വതന്ത്ര സ്‌ഥാനാർഥി പിവി അൻവറിന് വോട്ട് നേടാൻ കഴിഞ്ഞുവെന്നാണ് അറിയുന്നത്. അത് സ്‌ഥായിയായി നിലനിൽക്കുന്നതല്ല. താൽക്കാലിക പിന്തുണ മാത്രമാണതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ സാമൂഹിക മണ്ഡലത്തിൽ വലിയ പ്രത്യാഘാതം സൃഷ്‌ടിക്കും. ലീഗ് മതരാഷ്‌ട്രവാദികളുമായി സഖ്യം ചെയ്‌ത് അവരുടെ കാഴ്‌ചപ്പാടുകൾ സ്വീകരിച്ചുകൊണ്ടാണ് പ്രവർത്തിച്ചത്. ഈ ബന്ധം മതനിരപേക്ഷ ഉള്ളടക്കമുള്ള ആളുകളെ കൂടി മതരാഷ്‌ട്ര വാദികളുടെ കൈകളിലേക്ക് എത്തിക്കും.
ഇത് കേരളത്തിന്റെ മതനിരപേക്ഷ അവസ്‌ഥയെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമിയുമായുള്ള അവരുടെ കൂട്ടുകെട്ടിനെതിരെ മതവിശ്വാസികൾ തന്നെ രംഗത്തിറങ്ങി പ്രതിഷേധിച്ചത്. എല്ലാ മതവിശ്വാസികൾക്കും സമാധാനപരമായി ജീവിക്കുന്ന കേരളത്തിന്റെ അന്തരീക്ഷം തകർക്കാനാണ് ഈ കൂട്ടുകെട്ട്.
നന്നായി വായിക്കുകയും നിലപാടുകൾ വ്യക്‌തമാക്കുകയും ചെയ്യുന്ന എം സ്വരാജിനെതിരെ വിചിത്രമായ നിലപാടാണ് യുഡിഎഫും ചില ബുദ്ധിജീവികളും നിലമ്പൂരിൽ സ്വീകരിച്ചത്. വായിക്കുകയും എഴുതുകയും ചെയ്യുന്നത് മഹാപരാധമാണെന്ന തരത്തിലുള്ള പ്രചാരണമാണ് ഉയർത്തിക്കൊണ്ടുവന്നത്. നിലമ്പൂരിൽ സംഘടനാപരമായ പിഴവുകൾ തിരുത്തി ശക്‌തമായ നടപടിയെടുക്കാനും സംസ്‌ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!








































