പാലക്കാട്: ഉമ്മിനിയിൽ തള്ളപ്പുലി ഉപേക്ഷിച്ച പുലികുഞ്ഞ് ചത്തു. തൃശൂർ അകമലയിലെ വനംവകുപ്പിന്റെ ചികിൽസാ കേന്ദ്രത്തിൽ പരിചരണത്തിൽ ആയിരുന്നു പുലി കുട്ടി. ആന്തരിക രക്തസ്രാവം ആണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്ന് ഉച്ചക്ക് ശേഷമാണ് പുലിക്കുട്ടി ചത്തത്.
മണ്ണൂത്തി വെറ്ററിനറി കോളേജിൽ പുലിക്കുട്ടിയുടെ പോസ്റ്റുമോർട്ടം നടക്കും. ഇതിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ. ഇക്കഴിഞ്ഞ ജനുവരി ഒമ്പതിനായിരുന്നു പാലക്കാട് ഉമ്മിനിയിലെ പൂട്ടിയിട്ട വീട്ടിൽ രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്. കുട്ടികളിൽ ഒന്നിനെ മാത്രം തള്ളപ്പുലി കൊണ്ടുപോയിരുന്നു. തുടർന്ന് രണ്ടാമത്തെ കുഞ്ഞിനെ തൃശൂരിലെ വനംവകുപ്പ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
രണ്ട് വർഷം സംരക്ഷണ കേന്ദ്രത്തിൽ വളർത്തി പുലിക്കുഞ്ഞിനെ വനത്തിലേക്ക് തുറന്നുവിടാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം. വനപാലകരുടെ പരിചരണത്തിൽ പുലിക്കുഞ്ഞ് ആരോഗ്യം വീണ്ടെടുത്ത് വരികയായിരുന്നു. എന്നാൽ, കുറച്ചു ദിവസങ്ങളായി പുലിക്കുഞ്ഞിന് ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടിരുന്നു. തുടർന്ന് ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
Most Read: ഹൈദരലി തങ്ങളുടെ കബറടക്കം നാളെ രാവിലെ 9ന്; പൊതുദർശനം തുടരുന്നു







































