പാലക്കാട്: ജില്ലയിലെ മംഗലംഡാം പൈതലയിൽ പുലിയിറങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിൽ. കാട്ടുപന്നിയുടെ ആക്രമണത്തെ തുടർന്ന് ടാപ്പിംഗ് തൊഴിലാളി മരിച്ച സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ പൈതലയിൽ പുലിയിറങ്ങിയത്. ഇതോടെ അതിരാവിലെ റബ്ബർ തോട്ടങ്ങളിൽ ടാപ്പിംഗിന് പോകുന്ന തൊഴിലാളികൾ ഉൾപ്പടെ ഭീതിയിലാണ്.
പൈതല കൊച്ചുപാലിയത്തിൽ പയസ് ജയിംസിന്റെ വീടിന് സമീപത്താണ് പുലിയുടേതെന്ന് കരുതുന്ന കാൽപ്പാടുകൾ കണ്ടെത്തിയത്. തുടർന്ന് മംഗലംഡാം ഫോറസ്‌റ്റ് സ്‌റ്റേഷനിൽ വിവരം അറിയിച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്ത് നിരവധി വളർത്തു മൃഗങ്ങളെ പുലി പിടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
കാട്ടുപന്നി, കുരങ്ങ്, മാൻ , മയിൽ, മലയണ്ണാൻ തുടങ്ങിയ കാട്ടുമൃഗങ്ങൾ ഉണ്ടാക്കുന്ന കൃഷിനാശവും വ്യാപകമാണ്. പുലിയിറങ്ങിയതോടെ മിക്കവരും ഇപ്പോൾ ടാപ്പിംഗിന് ഇറങ്ങാൻ മടിക്കുകയാണ്. അതേസമയം കർഷകർ ഇത്രയൊക്കെ ദുരിതം അനുഭവിക്കുമ്പോഴും വനംവകുപ്പിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പരാതി ഉന്നയിക്കുന്നുണ്ട്.
Read also: ആദിവാസി യുവാവിന് എതിരെ കള്ളക്കേസ്; കളക്‌ടർ റിപ്പോർട് തേടി



































