വയനാട്: ബാണാസുരസാഗർ റിസർവോയറിനടുത്ത് കെൻസ വെൽനസ് സെന്റർ നിർമിച്ച കെട്ടിട സമുച്ചയത്തിന് നമ്പറിട്ട് ലൈസൻസ് നൽകിയ തരിയോട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ നടപടി വേണമെന്ന ആവശ്യം ശക്‌തമാകുന്നു. സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്‌ത് ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി ആവശ്യപ്പെട്ടു.
പഞ്ചായത്ത് കെട്ടിടനിർമാണച്ചട്ടം, ജില്ലാ ദുരന്ത നിവാരണ സമിതിയുടെ കെട്ടിടനിയന്ത്രണ നിയമം തുടങ്ങി ഒട്ടേറെ നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് കെൻസ കെട്ടിടം നിർമിച്ചത്. ഹൈക്കോടതി നിർദ്ദേശ പ്രകാരം റിപ്പോർട് കൊടുക്കുന്നതിന് കളക്‌ടർ, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്‌ഥരും ഡിഡിഎംഎയും കഴിഞ്ഞ 28ന് കെട്ടിടസമുച്ചയം സന്ദർശിച്ചിരുന്നു.
ഈ സമയം കെട്ടിട ഉടമയുടെ നിയമലംഘനങ്ങൾ ന്യായീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറി ശ്രമിക്കുകയും പരസ്യമായി കളക്‌ടറോട് കലഹിക്കുകയും ചെയ്‌തു. കെട്ടിട നിർമാണത്തിന്റെ നിയമലംഘനം സാധൂകരിക്കാൻ ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്.
ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ ഇവിടെ നിർമാണങ്ങൾ നിരോധിച്ചിട്ടുണ്ട്. പഞ്ചായത്ത് ട്രിബ്യൂണൽ ഭൂവികസന പെർമിറ്റും നിർമാണത്തിനുള്ള ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. നിയമലംഘനങ്ങളും അഴിമതിയും വിജിലൻസും ആന്റി കറപ്ഷൻ വിഭാഗവും അന്വേഷിക്കണമെന്ന് പ്രകൃതിസംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ഇക്കാര്യം വ്യക്‌തമാക്കി മന്ത്രി, പഞ്ചായത്ത് ഡയറക്‌ടർ എന്നിവർക്ക് നിവേദനം നൽകി. പ്രകൃതിസംരക്ഷണ സമിതി യോഗത്തിൽ തോമസ് അമ്പലവയൽ അധ്യക്ഷത വഹിച്ചു. എം ഗംഗാധരൻ, അബു പൂക്കോട്, എൻ ബാദുഷ എന്നിവർ സംസാരിച്ചു.
Most Read: പൊൻമുടി, കല്ലാർ, മങ്കയം ടൂറിസം കേന്ദ്രങ്ങളിൽ വെള്ളിയാഴ്‌ച മുതൽ ഓൺലൈൻ ടിക്കറ്റ്






































