തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന ആരംഭിച്ചു. സൂക്ഷ്‌മ പരിശോധനയ്‌ക്ക് ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. തിങ്കളാഴ്‌ചയാണ് പത്രിക പിൻവലിക്കേണ്ട അവസാന ദിവസം. നിലവിൽ ലഭ്യമായ വിവരം അനുസരിച്ച് 1,64,427 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്.
ഏറ്റവും കൂടുതൽ പത്രികകൾ ലഭിച്ചത് മലപ്പുറം ജില്ലയിലും കുറവ് വയനാട്ടിലുമാണ്. 1,08,580 സ്‌ഥാനാർഥികൾ മൽസര രംഗത്തുണ്ട്. പരിശോധനയ്‌ക്ക് ശേഷം റിട്ടേണിങ് ഓഫീസറുടെ കാര്യാലയത്തിലും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ എന്നിവിടങ്ങളിൽ മൽസരാർഥികളുടെ പേര് പ്രസിദ്ധീകരിക്കും.
ഓരോ തദ്ദേശ സ്‌ഥാപനങ്ങളിലെയും ബന്ധപ്പെട്ട വരണാധികാരികളാണ് നിമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന നടത്തുക. പരിശോധനാ സമയത്ത് സ്‌ഥാനാർഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിർദ്ദേശകർ എന്നിവർക്ക് പുറമെ സ്‌ഥാനാർഥി എഴുതി നൽകുന്ന ഒരാൾക്ക് കൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശിക്കാം.
സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഡിസംബർ 9,11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് വോട്ടെണ്ണൽ. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ ഒമ്പതിനും തൃശൂർ, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 11നുമാണ് തിരഞ്ഞെടുപ്പ്.
941 ഗ്രാമപഞ്ചാത്തുകളിലെ 17,331 വാർഡുകൾ, 152 ബ്ളോക്ക് പഞ്ചായത്തുകളിലെ 2267 വാർഡുകൾ, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാർഡുകൾ, 86 നഗരസഭകളിലെ 3205 വാർഡുകൾ, ആറ് കോർപറേഷനുകളിലെ 421 വാർഡുകൾ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. പലയിടത്തും മുന്നണികൾക്ക് ഭീഷണിയായി വിമതർ രംഗത്തുണ്ട്.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!








































