മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചു കൊണ്ടിരിക്കെ സമൂഹ മാദ്ധ്യമങ്ങളുടെ ഇടപെടലുകള്‍ക്ക് നിയന്ത്രണവുമായി ജില്ലാ ഭരണകൂടം. പ്രചാരണത്തില്‍ സമൂഹ മാദ്ധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരുടെ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുക്കും.
കളക്ടർ കെ ഗോപാലകൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
സമൂഹ മാദ്ധ്യമങ്ങളില്‍ വര്‍ഗീയ പരാമര്‍ശം, വ്യക്തിഹത്യ, അടിസ്ഥാന രഹിതമായ ആരോപണം, പൊതു പ്രവര്‍ത്തനത്തിന്റെ ഭാഗമല്ലാത്ത വ്യക്തിപരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയവ നടത്തുന്നവര്‍ക്കെതിരെയാണ് നടപടിയെടുക്കുക. ഇത്തരത്തില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും.
പെരുമാറ്റച്ചട്ട ലംഘനം അറിയാന്‍ സമൂഹ മാദ്ധ്യമങ്ങളിലെ നിരീക്ഷണം ശക്തമാക്കും. കോവിഡ് പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം പ്രധാനമായും സമൂഹ മാദ്ധ്യമങ്ങള്‍ കേന്ദ്രീകരിച്ചാകുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
Read Also: തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും