ന്യൂഡെൽഹി: രാജ്യം ആര് ഭരിക്കുമെന്ന് നാളെയറിയാം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. രാവിലെ എട്ടുമണി മുതൽ വോട്ടെണ്ണി തുടങ്ങും. ആദ്യം പോസ്‌റ്റൽ ബാലറ്റും, പിന്നീട് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകളും എണ്ണും. ആദ്യ മണിക്കൂറുകളിൽ തന്നെ ട്രെൻഡ് വ്യക്‌തമാകും.
വോട്ടെണ്ണൽ ദിനത്തിലെ ക്രമീകരണങ്ങൾ വിശദമാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഉച്ചക്ക് 12.30ന് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. വോട്ടെണ്ണലിൽ സുതാര്യത ആവശ്യപ്പെട്ട് ഇന്ത്യ സഖ്യവും, ഇന്ത്യ സഖ്യത്തിനെതിരെ ബിജെപിയും നൽകിയ പരാതികളിൽ കമ്മീഷൻ പ്രതികരിച്ചേക്കും.
രാജ്യത്ത് വീണ്ടും മോദി തരംഗമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യക്‌തമാക്കുന്നത്. എൻഡിഎ മൂന്നാമതും അധികാരത്തിലെത്തുമെന്നും ബിജെപി ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്നും സർവേകൾ പ്രവചിക്കുന്നു. ഇന്ത്യ സഖ്യം 200 കടക്കില്ലെന്നും പ്രതിപക്ഷ നേതൃ സ്‌ഥാനം കിട്ടിയേക്കുമെന്ന് കോൺഗ്രസിന് ആശ്വസിക്കാമെന്നും സർവേകൾ പ്രവചിക്കുന്നു. തെക്കേ മികച്ച സാന്നിധ്യമായി ബിജെപി മാറാമെന്നും സർവേകൾ പ്രവചിക്കുന്നു.
ഇതോടെ, 400 സീറ്റ് ലക്ഷ്യം വെച്ച് പോരാട്ടത്തിനിറങ്ങിയ ബിജെപി തികഞ്ഞ ആത്‌മ വിശ്വാസത്തിലാണ്. മൂന്നാം വട്ടവും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി പദത്തിൽ എത്തുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് എൻഡിഎ ക്യാമ്പുകൾ. എന്നാൽ, എക്‌സിറ്റ് പോളുകൾ പൂർണമായും ഇന്ത്യ സഖ്യം തള്ളി. നാളെ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കും എന്നാണ് ഇന്ത്യ പാർട്ടി നേതാക്കളുടെ പ്രതികരണം.
വോട്ടെണ്ണലിൽ ചില അട്ടിമറി സാധ്യത ഇന്ത്യ സഖ്യം ഭയക്കുന്നുണ്ട്. ഈ പശ്‌ചാത്തലത്തിൽ ഇന്ത്യ നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനിൽ എത്തി ആശങ്കകൾ വ്യക്‌തമാക്കി നിവേദനം കൈമാറി. വോട്ടെണ്ണലിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. സംഘർഷ സാധ്യത മേഖലയിൽ അടക്കം സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
Most Read| കത്രീന അമ്മൂമ്മ വേറെ ലെവൽ ആണ്; 95ആം വയസിലും വാർക്കപ്പണിയിൽ സജീവം