ന്യൂഡെൽഹി: വിജയത്തിന്റെ ശോഭ അൽപ്പം കുറവാണെങ്കിലും 240 സീറ്റുകളുമായി ബിജെപി 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സഖ്യ കക്ഷികളുടെ പിന്തുണയോടെ നരേന്ദ്രമോദി മൂന്നാം വട്ടവും ഇന്ത്യൻ പ്രധാനമന്ത്രിയാകും. ഇതിനുള്ള നീക്കം ബിജെപി സർക്കാർ തുടങ്ങിക്കഴിഞ്ഞു. സർക്കാർ രൂപീകരണത്തിന് മുന്നോടിയായി എൻഡിഎയുടെ നിർണായക യോഗം ഇന്ന് നടക്കും.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. ഛത്രപതി ശിവജി സ്‌ഥാനമേറ്റ് ഹിന്ദുരാഷ്‌ട്ര പ്രഖ്യാപനം നടത്തിയതിന്റെ 350ആം വാർഷികം വരുന്ന എട്ടാം തീയതി സത്യപ്രതിജ്‌ഞ നടക്കുമെന്നാണ് സൂചന. രാഷ്‌ട്രപതി ഭവനിൽ സത്യപ്രതിജ്‌ഞക്കുള്ള ഒരുക്കങ്ങൾ തുടങ്ങിട്ടുണ്ട്. ഭൂരിപക്ഷം നഷ്‌ടപ്പെടാതിരിക്കാൻ പരമാവധി വിട്ടുവീഴ്‌ചക്ക് ബിജെപി തയ്യാറാകും.
അതേസമയം, മന്ത്രിസഭ രൂപീകരണത്തിൽ നിതീഷ് കുമാർ മറുപടി പറയാത്തതിൽ ബിജെപിക്കിടയിലും ആശങ്കയുണ്ട്. ബിജെപി നേതാക്കൾ നടത്തിയ ചർച്ചയിൽ നിതീഷ് നിലപാട് അറിയിച്ചിട്ടില്ല. ഇന്ന് നടക്കുന്ന എൻഡിഎ യോഗത്തിൽ നിതീഷ് പങ്കെടുക്കുന്നുണ്ട്. ഇതിനിടെ, വടക്കുകിഴക്കൻ മേഖലയിലെ ഏഴ് സ്വതന്ത്രർ എൻഡിഎയെ പിന്തുണക്കുമെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്.
അതിനിടെ, ഇന്ത്യാ സഖ്യവും മന്ത്രിസഭാ രൂപീകരണ സാധ്യതകൾ ആരായുന്നുണ്ട്. ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറുമായി ഇന്ത്യാ സഖ്യത്തിന്റെ മുതിർന്ന നേതാവ് ശരത് പവാർ ചർച്ചകൾ നടത്തിയത് കൗതുകമുണർത്തിയിട്ടുണ്ട്. സർക്കാർ രൂപീകരണവുമായി ബിജെപി മുന്നോട്ട് പോകുമ്പോൾ എൻഡിഎ സഖ്യകക്ഷികളെ കൂടെ നിർത്താനുള്ള ശ്രമത്തിലാണ് ഇന്ത്യാ സഖ്യം. ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇന്ത്യാ സഖ്യം യോഗം ചേരുന്നുണ്ട്.
സർക്കാർ രൂപീകരണ നീക്കങ്ങളിൽ മമത ബാർജിയും സഹകരിക്കും. വിജയത്തിൽ രാഹുൽ ഗാന്ധിയെ മമത ബാനർജി അഭിനന്ദിച്ചു. സർക്കാർ രൂപീകരണത്തിനുള്ള സാധ്യതകൾ ആരായാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായും തെലുങ്ക് ദേശം പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവുമായും കോൺഗ്രസ് നേതാക്കൾ ഇന്ന് സംസാരിച്ചേക്കും. സുസ്‌ഥിരമായ ഒരു സർക്കാർ രൂപീകരിക്കാൻ എല്ലാ കക്ഷികളുമായും സംസാരിക്കുമെന്ന് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
എൻഡിഎയുടെയും ഇന്ത്യാ സഖ്യത്തിന്റെയും സീറ്റുകൾ തമ്മിൽ വലിയ അന്തരമില്ലാത്തത്താണ് കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷ. നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയും ചേർന്നാൽ 28 സീറ്റുകൾ ലഭിക്കും. എന്നാൽ, ഇന്ത്യ സഖ്യത്തിന്റെ സീറ്റുകളുടെ എണ്ണം 234ൽ നിന്നും 262 ആയി ഉയരും. ഇതോടെ ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയാതെ വരും.
കഴിഞ്ഞ പത്ത് വർഷത്തിനിടെ അഞ്ചു തവണയാണ് നിതീഷ് കുമാർ കൂടുമാറ്റം നടത്തിയത്. എൻഡിഎയുടെ ഭാഗമായി തുടങ്ങിയ നായിഡു, 2019ലെ തിരഞ്ഞെടുപ്പിന് മുൻപ് സഖ്യത്തിൽ നിന്നും പുറത്തുപോയി. നിലവിലെ തിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും എൻഡിഎയിലേക്ക് ചേക്കേറുകയായിരുന്നു. പ്രധാനമന്ത്രിക്കും അമിത് ഷാക്കും എതിരെയാണ് ജനവിധിയെന്നും സമാന ചിന്താഗതിക്കാരനായ പാർട്ടികളും നിതീഷ് കുമാറും ടിഡിപിയും ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!








































