ന്യൂഡെൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ആറാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതോടൊപ്പം ഒഡീഷയിലെ 42 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും നടക്കുന്നുണ്ട്.
ഡെൽഹിയിലെയും ഹരിയാനയിലെയും എല്ലാ സീറ്റുകളിലും ഒറ്റഘട്ടത്തിലാണ് വോട്ടെടുപ്പ്. 889 സ്ഥാനാർഥികളാണ് ആറാംഘട്ടത്തിൽ ജനവിധി തേടുന്നത്. മെഹബൂബെ മുഫ്തി, മനോഹർലാൽ ഖട്ടർ, മേനക ഗാന്ധി, അഭിജിത് ഗംഗോപാധ്യായ, കനയ്യകുമാർ എന്നിവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.
ഡെൽഹിയിലെ ഏഴ് സീറ്റിലും ഹരിയാനയിലെ പത്ത് സീറ്റിലും എൻഡിഎയും ഇന്ത്യ സഖ്യവും തമ്മിൽ കടുത്ത മൽസരം നടക്കുകയാണ്. കെജ്രിവാളിന്റെ ജയിൽ മോചനവും, മദ്യനയക്കേസും സ്വാതി മലിവാൾ വിഷയവും വലിയ ചർച്ചയായിരിക്കെയാണ് ഡെൽഹിയിലെ തിരഞ്ഞെടുപ്പെന്നതും ശ്രദ്ധേയമാണ്.
2014ലും 19ലും രാജ്യതലസ്ഥാനത്തെ ഏഴ് സീറ്റുകളും തൂത്തുവാരിയ ബിജെപി ഇത്തവണയും വമ്പൻ വിജയം അവർത്തിക്കുമെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ, കോൺഗ്രസും എഎപിയും ആദ്യമായി ഒന്നിച്ചു മൽസരിക്കുന്ന തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ ഇന്ത്യ സഖ്യം സ്ഥാനാർഥികൾ കാര്യമായ വെല്ലുവിളി ഉയർത്തുന്നുണ്ടെന്നാണ് വിലയിരുത്തൽ.
ഈ ഘട്ടത്തിലെ തിരഞ്ഞെടുപ്പോടുകൂടി 486 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയാകും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചു ഘട്ടങ്ങൾ പൂർത്തിയായപ്പോൾ 428 മണ്ഡലങ്ങളിലായി 66.39% പേർ വോട്ട് രേഖപ്പെടുത്തി. 2019ൽ ഇത് 68%. 2024ൽ പോളിങ് ശതമാനത്തിൽ നേരിയ കുറവ് ഉണ്ടായിട്ടും ബൂത്തിലെത്തിയവരുടെ എണ്ണത്തിൽ വർധനയുണ്ടായി. ജൂൺ ഒന്നിനാണ് ഏഴാംഘട്ട വോട്ടെടുപ്പ്. ജൂൺ നാലിന് ഫലപ്രഖ്യാപനം.
Most Read| ഡിപ്ളോമാറ്റിക് പാസ്പോർട്ട് ദുരൂപയോഗം ചെയ്തു; പ്രജ്വൽ രേവണ്ണയ്ക്ക് നോട്ടീസ്