ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി മൽസരിക്കുന്ന ഉത്തർപ്രദേശിലെ വാരാണസി ഉൾപ്പടെ ഏഴ് സംസ്‌ഥാനങ്ങളിലെ 57 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. ഒഡിഷയിലെ 42ഉം ഹിമാചലിലെ ആറും നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.
പഞ്ചാബ്- 13, ഉത്തർപ്രദേശ്- 13, ബംഗാൾ-9, ബിഹാർ-8, ഒഡിഷ- 6, ഹിമാചൽ പ്രദേശ്- 4, ജാർഖണ്ഡ് 3, ചണ്ഡീഗഡ്- 3 എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം. ഇതോടെ 55 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കും. പത്ത് കോടിയിലേറെ വോട്ടർമാരാണ് അവസാനഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുന്നത്. ഇതിൽ 5.24 കോടി പുരുഷൻമാരും 4.82 കോടി സ്‌ത്രീകളും 3,574 ട്രാൻസ്ജെൻഡറുകളും ഉൾപ്പെടും.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, കങ്കണ റണൗത്ത്, തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി, കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിങ്, ആർജെഡി നേതാവ് മിസാ ഭാരതി തുടങ്ങിയ പ്രമുഖരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന 57 സീറ്റുകളിൽ 25 എണ്ണവും ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. എട്ട് സീറ്റുകൾ മാത്രമാണ് കോൺഗ്രസിനുള്ളത്.
മേയ് 25ന് നടന്ന ആറാംഘട്ട വോട്ടെടുപ്പിൽ 63.37 ആയിരുന്നു രാജ്യത്തെ വോട്ടിങ് ശതമാനം. അഞ്ചാംഘട്ടത്തിൽ 62.15%, നാലാംഘട്ടത്തിൽ 69.16%, മൂന്നാംഘട്ടത്തിൽ 65.68%, രണ്ടാംഘട്ടത്തിൽ 66.71%, ഒന്നാംഘട്ടത്തിൽ 66.1% എന്നിങ്ങനെയായിരുന്നു വോട്ടിങ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
വൈകിട്ട് ആറുമണിക്ക് വോട്ടെടുപ്പ് കഴിയുന്നതോടെ ചാനലുകളിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നുതുടങ്ങും. എന്നാൽ, എക്‌സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഊഹാപോഹങ്ങൾക്ക് താൽപര്യമില്ലെന്നും ഫലം വന്നശേഷം ചർച്ചകളിൽ പങ്കെടുക്കാമെന്നുമാണ് കോൺഗ്രസിന്റെ നിലപാട്.
ഡെൽഹിയിൽ കേന്ദ്രവുമായി കൊമ്പുകോർത്തിട്ടുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സ്‌ഥിര ജാമ്യത്തിനുള്ള അപേക്ഷ ഡെൽഹി വിചാരണക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അവസാനഘട്ട തിരഞ്ഞെടുപ്പും നടക്കുന്നത്. വിചാരണക്കോടതി ജാമ്യം നീട്ടി നൽകിയില്ലെങ്കിൽ കെജ്‌രിവാൾ നാളെ ജയിലിലേക്ക് മടങ്ങും. അതിനിടെ, ഉത്തരേന്ത്യയിൽ ഉഷ്‌ണതരംഗ ഭീഷണിയും നിലനിൽക്കുന്നുണ്ട്. ഇതുവരെ ഇരുപതോളം തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർ വിവിധ സംസ്‌ഥാനങ്ങളിലായി സൂര്യാഘാതമേറ്റ് മരിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യ സഖ്യ യോഗവും ഇന്ന് ഡെൽഹിയിൽ ചേരുന്നുണ്ട്. കോൺഗ്രസ് വിളിച്ച യോഗത്തിലേക്ക് എല്ലാ സഖ്യകക്ഷികൾക്കും ക്ഷണമുണ്ട്. മമത ബാനർജി യോഗത്തിൽ പങ്കെടുത്തേക്കില്ല. മൂന്നുമണിക്ക് മല്ലികാർജുൻ ഖർഗെയുടെ വസതിയിലാണ് യോഗം. തിരഞ്ഞെടുപ്പ് ഫലം അനുകൂലമെങ്കിൽ തുടർ നീക്കങ്ങളെ കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം ചേരുന്നതെന്നാണ് വിവരം.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!








































