ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. എട്ട് സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 ലോക്‌സഭാ മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ ജനവിധി കുറിക്കുന്നത്. ആകെ 8.95 കോടി വോട്ടർമാരാണുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറച്ച് മണ്ഡലങ്ങളിൽ പോളിങ് നടക്കുന്നത് അഞ്ചാം ഘട്ടത്തിലാണ്.
അതേസമയം, ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലും ഇതോടൊപ്പം പോളിങ് നടക്കും. രാഷ്‌ട്രീയ- സിനിമാ മേഖലയിലെ പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. യുപി (14), മഹാരാഷ്‌ട്ര (13), ബംഗാൾ (7), ബിഹാർ (5), ഒഡിഷ (5), ജാർഖണ്ഡ് (3), ജമ്മു കശ്‌മീർ (1), ലഡാക്ക് (1) എന്നിവിടങ്ങളിലെ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 695 സ്‌ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്.
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മായാവതി, വ്യവസായി അനിൽ അംബാനി, നടൻ അക്ഷയ് കുമാർ എന്നിവർ വോട്ട് രേഖപ്പെടുത്തി. റായ്‌ബറേലി മണ്ഡലത്തിൽ നിന്ന് മൽസരിക്കുന്ന രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ മകൻ കരൺ ഭൂഷൺ സിങ്, ചിരാഗ് പസ്വാൻ, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, ഒമർ അബ്‌ദുള്ള എന്നിവരാണ് അഞ്ചാം ഘട്ടത്തിൽ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന പ്രധാന സ്‌ഥാനാർഥികൾ.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്