‘കൈതി’ എന്ന ബ്ളോക്ബസ്‌റ്ററിന് ശേഷം പുതിയ ചിത്രവുമായി സംവിധായകൻ ലോകേഷ് കനകരാജ്. കമൽഹാസനെ കേന്ദ്ര കഥാപാത്രമാക്കി, ‘വിക്രം’ എന്ന ചിത്രവുമായാണ് ലോകേഷ് എത്തുന്നത്. ചിത്രത്തിൽ മലയാളി താരം നരേനും പ്രധാന വേഷത്തിലുണ്ട്.
ലോകേഷിന്റെ ‘കൈതി’യിലും നരേൻ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്‌തിരുന്നു. ‘വിക്ര’മിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ അഭിനന്ദനം അറിയിക്കാൻ ലോകേഷിനെ വിളിച്ചപ്പോളാണ് തനിക്കും ചിത്രത്തിലൊരു പ്രധാന വേഷമുണ്ടെന്ന് അറിയുന്നതെന്ന് നരേൻ പറഞ്ഞിരുന്നു.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ‘വിക്രം’ എന്നാണ് റിപ്പോർട്ടുകൾ. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിർമിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ‘വിക്ര’ത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുക. അനിരുദ്ധ് ആണ് സംഗീതസംവിധാനം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്.
അതേസമയം ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ജൂലൈ അവസാനമോ ഓഗസ്‌റ്റ് ആദ്യമോ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Most Read: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ മഴ കനത്തേക്കും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്