കോഴിക്കോട്: വടകര മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ നാളെ പ്രത്യേക സേനാ വിന്യാസം നടത്തുമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്. വടകരയിലെ ആഹ്ളാദ പ്രകടന പരിപാടികൾ നേരത്തെ അറിയിക്കണം. അതീവ പ്രശ്നബാധിത മേഖലകളിൽ കൂടുതൽ പോലീസുകാരെ നിയോഗിക്കുമെന്നും കളക്ടർ അറിയിച്ചു.
വോട്ടെണ്ണൽ കേന്ദ്രമായ വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം എഡ്യൂക്കേഷൻ കോംപ്ളക്സിന് സമീപം ഇന്ന് വൈകിട്ട് മുതൽ നാളെ വൈകിട്ട് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേരളത്തിൽ വാശിയേറിയ പോരാട്ടം നടക്കുന്ന വടകരയിൽ അതീവ ജാഗ്രതയിലാണ് പോലീസ്. കല്ലാച്ചിയിലും നാദാപുരത്തും പോലീസ് റൂട്ട് മാർച്ച് നടത്തി.
വടകര മണ്ഡലത്തിൽ ആഹ്ളാദ പ്രകടനം രാത്രി ഏഴ് മണിയോടെ അവസാനിപ്പിക്കണമെന്ന് നേരത്തെ സർവകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നു. അക്രമ സംഭവങ്ങൾ ഒഴിവാക്കുന്നതിനായി നാദാപുരത്ത് 50 പിക്കറ്റ് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ മുന്നൂറോളം പോലീസുകാരെ ഇവിടെ നിയോഗിച്ചു.
അതിനിടെ, ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് 64 കോടി ജനങ്ങൾ വോട്ട് ചെയ്തുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. വോട്ടെണ്ണലിന് മുന്നോടിയായി ഡെൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏഴ് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പ് തീർത്തും സമാധാനപരമായി പൂർത്തിയാക്കാൻ സാധിച്ചത് ഒരു അത്ഭുതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
താരപ്രചാരകരെ നിയന്ത്രിക്കാൻ പാർട്ടിക്കാർക്ക് നിർദ്ദേശം നൽകിയെന്നും മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് കിട്ടിയ 495 പരാതികളിൽ 90 ശതമാനവും പരിഹരിച്ചുവെന്നും കമ്മീഷണർ വ്യക്തമാക്കി. ഉന്നത നേതാക്കൾക്കെതിരെയടക്കം കേസെടുത്തു. പരാതികളിൽ നോട്ടീസ് നൽകി. യാതൊരു പക്ഷപാതിത്വവും ആരോടും കാട്ടിയില്ല. വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നടപടിയെടുത്തുവെന്നും രാജീവ് കുമാർ വിശദമാക്കി.
വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്താകെ പത്തരലക്ഷം വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഉണ്ട്. 24 മണിക്കൂറും സിസിടിവി നിരീക്ഷണം ഉണ്ടാകും. നിരീക്ഷകരുടെ മുഴുനീള സാന്നിധ്യവും ഉണ്ടാകും. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മൂന്ന് തലത്തിൽ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Most Read| ഡെൽഹിയിൽ രണ്ടാംനിര നേതൃത്വം; ചുമതലകൾ കൈമാറി അരവിന്ദ് കേജ്രിവാൾ