രോഗമുക്തിക്ക് ശേഷവും ആഴ്ചകളും മാസങ്ങളും കഴിഞ്ഞ് രോഗലക്ഷണങ്ങള്‍ തുടരുന്ന ‘ദീര്‍ഘകാല കോവിഡ്‘ ആശങ്കപ്പെടുത്തുന്ന സംഗതിയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ). ഇത് മൂലം ബുദ്ധിമുട്ടുന്നവര്‍ വൈദ്യസഹായം തേടണമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ദീര്‍ഘകാല കോവിഡ് പ്രത്യാഘാതങ്ങള്‍ എത്ര നാള് തുടരുമെന്നതിനെകുറിച്ച് അറിയില്ലെന്നും ഇതിനെപറ്റി കൂടുതല്‍ മനസിലാക്കുന്നതിന് കൃത്യമായ നിര്‍വചനം ലോകാരോഗ്യ സംഘടന തയ്യാറാക്കി വരികയാണെന്നും ഡബ്ള്യുഎച്ച്ഒ ടെക്നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.
നാല് ആഴ്ചയോ അതില്‍ കൂടുതലോ നീളുന്ന കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെയാണ് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ‘ദീര്‍ഘകാല കോവിഡ്‘ എന്ന് വിളിക്കുന്നത്. ദീര്‍ഘകാല കോവിഡ് ബാധിക്കുന്നവരില്‍ ഭൂരിഭാഗം പേരും 35 ആഴ്ചകളിലധികം എടുത്താണ് ശരിയായ രോഗമുക്തി നേടുന്നതെന്ന് ലാന്‍സെറ്റ് ജേണലായ ഇ ക്ളിനിക്കല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ക്ഷീണം, ബ്രെയിന്‍ ഫോഗ് പോലുള്ള ധാരണാ സംബന്ധമായ പ്രശ്നങ്ങള്‍, വ്യായാമം പോലെ ശരീരം അനങ്ങി എന്തെങ്കിലും ചെയ്യുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ക്ഷീണം, ആര്‍ത്തവ താളംതെറ്റല്‍, ലൈംഗികശേഷി കുറവ്, ഹൃദയമിടിപ്പ് വര്‍ധിക്കല്‍, മറവി, മങ്ങിയ കാഴ്ച തുടങ്ങിയവയെല്ലാം ദീര്‍ഘകാല കോവിഡുമായി ബന്ധപ്പെട്ട് പൊതുവേ കണ്ടുവരുന്ന ലക്ഷണങ്ങളാണ്. കോവിഡ് ബാധിച്ചതിന് ശേഷം ഒരു മാസം മുതൽ ആറു മാസം കഴിഞ്ഞു വരെ ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ തുടരാമെന്ന് ലോകാരോഗ്യ സംഘടനയിലെ ഹെല്‍ത്ത് കെയര്‍ റെഡിനസ് ടീം ലീഡ് ജാനറ്റ് ഡയസ് പറഞ്ഞു.
അതേസമയം, കുട്ടികളിൽ ദീര്‍ഘകാല കോവിഡ് വരാനുള്ള സാധ്യത കുറവാണ്. കോവിഡ് വന്നതിന് നാലാഴ്ചകള്‍ക്ക് ശേഷം ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ നേരിടുന്ന കുട്ടികളുടെ എണ്ണം വളരെ കുറവാണെന്ന് ലാന്‍സെറ്റ് ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. രോഗലക്ഷണങ്ങളോട് കൂടിയ കോവിഡ് ബാധിച്ച പല കുട്ടികളും ആറു ദിവസത്തിനുള്ളില്‍ രോഗമുക്തർ ആവുമെന്നും യുകെയില്‍ നടന്ന ഈ പഠനം പറയുന്നു.
Most Read: ഹൗസ് ബോട്ടുകള്‍ക്ക് 1.60 കോടിയുടെ ധനസഹായം







































