ലഖ്നൗ: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ലഖ്നൗവിലെ അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് നടത്തിപ്പിനായി വിട്ടുനൽകി. 50 വർഷത്തേക്കാണ് കൈമാറിയത്. കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് എഎഐ ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട കരാർപത്രം അദാനിക്ക് കൈമാറിയത്. ഒക്ടോബർ 30ന് മംഗലാപുരം വിമാനത്താവളവും എയർപോർട് അതോറിറ്റി അദാനി ഗ്രൂപ്പിന് കൈമാറിയിരുന്നു.
2019 ഫെബ്രുവരിയിലാണ് കേന്ദ്രസർക്കാർ രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ചത്. അഹമ്മദാബാദ്, ജയ്പൂർ , മംഗലാപുരം, ലഖ്നൗ, തിരുവനന്തപുരം, ഗുവാഹത്തി എന്നീ വിമാനത്താവളങ്ങളായിരുന്നു സ്വകാര്യവൽക്കരിച്ചത്. 50 വർഷത്തെ നടത്തിപ്പ് ചുമതലക്കുള്ള കരാർ അദാനി ഗ്രൂപ്പാണ് സ്വന്തമാക്കിയത്.
അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളം നവംബർ 11ന് കൈമാറും. അതേസമയം, തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിന് എതിർപ്പാണ്. കോൺഗ്രസും സർക്കാരിന്റെ നിലപാടിനൊപ്പമാണ്. ഇത് അദാനിക്കും കേന്ദ്ര സർക്കാരിനും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
Kerala News: ലൈഫ് മിഷന്; യൂണിടാക് കൈമാറിയ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ്