തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ പങ്കെടുക്കില്ല. പകരം രണ്ട് പ്രതിനിധികളെ അയക്കും. തമിഴ്‌നാട് ദേവസ്വം മന്ത്രി പികെ ശേഖർബാബു, ഐടി മന്ത്രി പഴനിവേൽ ത്യാഗരാജൻ എന്നിവരാണ് പങ്കെടുക്കുന്നത്. മുൻകൂട്ടി നിശ്‌ചയിച്ച പരിപാടികൾ ഉള്ളതിനാലാണ് സ്‌റ്റാലിൻ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.
അയ്യപ്പ സംഗമത്തിൽ മുഖ്യാതിഥിയായി സ്‌റ്റാലിനെയായിരുന്നു സർക്കാർ നേരത്തെ നിശ്‌ചയിച്ചിരുന്നത്. ദേവസ്വം മന്ത്രി വിഎൻ വാസവൻ ചെന്നൈയിൽ നേരിട്ടെത്തി സ്‌റ്റാലിനെ സംഗമത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ, ഈ സമയത്ത് മറ്റു പരിപാടികൾ ഉണ്ടെന്നും തിരക്കിലാണെന്നും സ്‌റ്റാലിന്റെ ഓഫീസിൽ നിന്ന് അറിയിച്ചതായാണ് വിവരം.
അതേസമയം, അയ്യപ്പ സംഗമത്തിലേക്ക് സ്‌റ്റാലിനെ ക്ഷണിച്ചത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. സ്‌റ്റാലിൻ വന്നാൽ തടയുമെന്ന് ബിജെപി പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും അയ്യപ്പ ഭക്‌തരുടെ വിശ്വാസത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി ആരോപിച്ചിരുന്നു.
ഇത് തടയുമെന്നും സ്‌റ്റാലിനും പിണറായി വിജയനും വർഷങ്ങളായി ശബരിമലയെയും അയ്യപ്പ ഭക്‌തരെയും ഹൈന്ദവ വിശ്വാസത്തെയും തകർക്കാനും അപമാനിക്കാനും നിരവധി നടപടികൾ ചെയ്‌തവരാണെന്നും ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചിരുന്നു. സെപ്‌തംബർ 20ആം തീയതി പമ്പാ തീരത്താണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം. മുഖ്യമന്ത്രി പരിപാടി ഉൽഘാടനം ചെയ്യും.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം