ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ സിനിമയാകുന്നു. ‘മാ വന്ദേ’ എന്നാണ് ചിത്രത്തിന്റെ പേര്. ക്രാന്തി കുമാർ സിഎച്ച് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ, ഉണ്ണി മുകുന്ദൻ ആണ് നരേന്ദ്രമോദിയായി വേഷമിടുന്നത്.
സിൽവർ കാസ്‌റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ് നിർമാണം. നരേന്ദ്ര മോദിയുടെ 75ആം ജൻമദിനത്തോട് അനുബന്ധിച്ചാണ് സിൽവർ കാസ്‌റ്റ് ക്രിയേഷൻസ് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, ഗുജറാത്തി ഉൾപ്പടെ ഏഴ് ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രം മോദിയുടെ ശ്രദ്ധേയമായ ജീവിത യാത്രകളിലൂടെയാണ് കടന്നുപോകുന്നത്.
കുട്ടിക്കാലം മുതൽ രാഷ്‌ട്ര നേതാവാകുന്നതിലേക്കുള്ള അദ്ദേഹത്തിന്റെ പ്രചോദനാത്‌മകമായ ഉയർച്ചയെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കും. യാത്രയിലുടനീളം സമാനതകളില്ലാത്ത ഊർജമായി നിലകൊണ്ട അമ്മയായ ഹീരാബെൻ മോദിയുമായി, അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധവും ചിത്രത്തിലൂടെ എടുത്തുകാണിക്കും.
അന്താരാഷ്‌ട്ര നിലവാരത്തിൽ അത്യാധുനിക വിഎഫ്എക്‌സ്, രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്‌ധരുടെ വൈദഗ്ധ്യം എന്നിവ ഉപയോഗിച്ചാണ് ഈ ചിത്രം ഒരുക്കുന്നതെന്ന് നിർമാതാക്കളായ സിൽവർ കാസ്‌റ്റ് ക്രിയേഷൻസ് അറിയിച്ചു. പാൻ ഇന്ത്യ റിലീസിനൊപ്പം ഇംഗ്ളീഷിലും ചിത്രം നിർമിക്കും.
ഛായാഗ്രഹണം- കെകെ സെന്തിൽ കുമാർ ഐഎസ്‌ഡി, സംഗീതം- രവി ബസ്രൂർ, എഡിറ്റിങ്- ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ- സാബു സിറിൾ, ആക്ഷൻ- കിങ് സോളമൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- ഗംഗാധർ എൻഎസ്, വാണിശ്രീ ബി, ലൈൻ പ്രൊഡ്യൂസേഴ്‌സ്- ടിവിഎൻ രാജേഷ്, കോ-ഡയറക്‌ടർ- നരസിംഹ റാവു എം, മാർക്കറ്റിങ്- വാൾസ് ആൻസ് ട്രെൻഡ്‌സ്, പിആർഒ- ശബരി തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി