ചെന്നൈ: വിജയ് ചിത്രം ‘ജനനായകന്’ പ്രദർശനാനുമതി നൽകി മദ്രാസ് ഹൈക്കോടതി. ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് നൽകാൻ കോടതി ഉത്തരവിട്ടു. ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടണമെന്ന സെൻസർ ബോർഡ് ചെയർപേഴ്‌സന്റെ തീരുമാനം ഹൈക്കോടതി റദ്ദ് ചെയ്‌തു.
അതേസമയം, വിഷയത്തിൽ സെൻസർ ബോർഡ് അപ്പീലിന് പോകുമെന്ന് റിപ്പോർട്ടുകളുണ്ട്. പൊങ്കലിനോട് അനുബന്ധിച്ച് വെള്ളിയാഴ്‌ച റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രത്തിന്റെ പ്രദർശനം അവസാന നിമിഷം മാറ്റിവയ്‌ക്കുകയായിരുന്നു. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നായിരുന്നു ഇത്.
സെൻസർ ബോർഡിന്റെ നടപടിക്കെതിരെ കെവിഎൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാദം കേട്ട കോടതി വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് റിലീസ് മാറ്റിക്കൊണ്ടുള്ള നിർമാതാക്കളുടെ പ്രഖ്യാപനവും വന്നത്.
മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയെ തുടർന്നാണ് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാൻ സെൻസർ ബോർഡ് തീരുമാനിച്ചത്. തുടർന്നാണ് അന്യായമായി സെൻസർ ബോർഡ് അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു.
അതേസമയം, ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയത് ആരാധകരെ നിരാശരാക്കി. ഓൺലൈൻ ബുക്കിങ് നടത്തിയവർക്ക് പണം തിരികെ നൽകി. എന്നാൽ, വിജയ് ആരാധകർക്ക് ഫാൻസ് അസോസിയേഷൻ നടത്തുന്ന പ്രദർശനത്തിന് 1500 രൂപ വരെ മുടക്കി ടിക്കറ്റ് എടുത്തവരാണ് വെട്ടിലായത്. സിനിമ എന്ന് റിലീസായാലും ആദ്യ ഷോ കാണാൻ സൗകര്യം ഒരുക്കുമെന്നാണ് ഫാൻസ് അസോസിയേഷൻ ഇവരെ അറിയിച്ചിരിക്കുന്നത്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്





































