ചെന്നൈ: മത വിശ്വാസത്തിനുള്ള അവകാശത്തേക്കാൾ പ്രധാനം ജീവിക്കാനുള്ള അവകാശമാണെന്ന് വ്യക്‌തമാക്കി മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട്ടിൽ വിനായക ചതുർഥി ആഘോഷങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹരജി തള്ളിയാണ് കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്. കോവിഡ് വ്യാപനം നിലനിൽക്കുന്ന പശ്‌ചാത്തലത്തിലാണ് തമിഴ്‌നാട്ടിൽ വിനായക ചതുർഥി ആഘോഷങ്ങൾക്ക് സർക്കാർ വിലക്കേർപ്പെടുത്തിയത്.
കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ മതവിശ്വാസത്തേക്കാൾ പ്രാധാന്യം ജീവനുണ്ടെന്നും, ജന നൻമയെ കരുതിയാണ് വിനായകചതുർഥി ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹരജി തള്ളുകയായിരുന്നു. ചീഫ് ജസ്‌റ്റിസ് സജ്‌ഞീബ് ബാനർജി, പിഡി ആദികേശവലു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വിനായക ചതുർഥി ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സർക്കാർ തീരുമാനത്തിനെതിരെ ബിജെപിയും, ഹിന്ദു മുന്നണിയും അടക്കമുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു.
ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശമനുസരിച്ച് ആണെന്നും, വീടുകളിലും തിരക്കില്ലാത്ത ക്ഷേത്രങ്ങളിലും വിഗ്രഹം വെക്കുന്നതിനും പൂജകൾ നടത്തുന്നതിനും അനുമതിയുണ്ടെന്നും സർക്കാർ അറിയിച്ചു. 5 പേരടങ്ങുന്ന സംഘങ്ങളെ ഘോഷയാത്ര നടത്താൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ചെന്നൈ സ്വദേശി എൽ ഗണപതിയാണ് കോടതിയെ സമീപിച്ചത്. എന്നാൽ കോവിഡ് മാനദണ്ഡങ്ങളിൽ വീഴ്‌ച വരുത്താൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.
Read also: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരംപൊട്ടി വീണു; ദുരന്തം ഒഴിവായി






































