വാഷിങ്ടൻ: വെനസ്വേലയിൽ ബോംബാക്രമണം നടത്തിയതിന് പിന്നാലെ, യുഎസ് കസ്‌റ്റഡിയിലെടുത്ത പ്രസിഡണ്ട് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്‌ളോർസിനെയും ന്യൂയോർക്കിലെത്തിച്ചു. മയക്കുമരുന്ന് കടത്ത് (നാർക്കോ-ടെററിസം), ടൺ കണക്കിന് കൊക്കെയ്‌ൻ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യൽ, നിയമവിരുദ്ധമായ ആയുധങ്ങൾ കൈവശം വെയ്‌ക്കൽ എന്നീ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
നിലവിൽ ബ്രുക്ളിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്യും. യുഎസ് കോടതിയിൽ വിചാരണവും നേരിടേണ്ടി വരും. മഡുറോയുടെ അഭാവത്തിൽ രാജ്യം ഇനി ആര് ഭരിക്കും എന്ന കാര്യത്തിൽ വലിയ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. വെനസ്വേലയുടെ നിയന്ത്രണം താൽക്കാലികമായി അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
മഡുറോയുടെ വിശ്വസ്‌തയും വൈസ് പ്രസിഡണ്ടുമായ ഡെൽസി റോഡ്രിഗസുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് ട്രംപ് താൽപര്യം പ്രകടിപ്പിച്ചത്. റോഡ്രിഗസ് പുതിയ പ്രസിഡണ്ടായി സത്യപ്രതിജ്‌ഞ ചെയ്‌തതായി ട്രംപ് അവകാശപ്പെട്ടെങ്കിലും, സ്‌റ്റേറ്റ് ടെലിവിഷൻ ഇത് സ്‌ഥിരീകരിച്ചിട്ടില്ല. അതേസമയം, രാജ്യത്തിന്റെ ഏക പ്രസിഡണ്ട് നിക്കോളാസ് മഡുറോ മാത്രമാണെന്ന് ഡെൽസി റോഡ്രിഗസ് പറഞ്ഞു.
വെനസ്വേലൻ ഭരണഘടന അനുസരിച്ച് പ്രസിഡണ്ടിന്റെ അഭാവത്തിൽ ഒരു മാസത്തിനുള്ളിൽ പുതിയ തിരഞ്ഞെടുപ്പ് നടത്തണം. എന്നാൽ, നിലവിലെ അസാധാരണമായ സാഹചര്യത്തിൽ ഇത് എത്രത്തോളം പ്രായോഗികമാണെന്ന് വിദഗ്‌ധർ സംശയിക്കുന്നു. അമേരിക്കൻ അധിനിവേശത്തിൽ കരുതലോടെയാണ് ലോകരാജ്യങ്ങളുടെ പ്രതികരണം. പല നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്.
അതേസമയം, രാജ്യത്ത് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ വെനസ്വേലയിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്നും അവിടെയുള്ള ഇന്ത്യക്കാർ എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. എംബസിയിലേക്ക് വാട്‌സ് ആപ് നമ്പർ- +58-412-9584288. ലഭ്യമായ വിവരങ്ങൾ പ്രകാരം നൂറിൽതാഴെ ഇന്ത്യക്കാരാണ് വെനസ്വേലയിൽ ഉള്ളത്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്







































