ന്യൂഡെൽഹി: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ എൻഡിഎ സഖ്യത്തിന്റെ വിജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്‌ട്രയിൽ എൻഡിഎ സഖ്യത്തിന് ചരിത്രപരമായ വിജയം നൽകിയതിന് വോട്ടർമാരോട് നന്ദി പറഞ്ഞ പ്രധാനമന്ത്രി, സംസ്‌ഥാനത്ത് വികസനം വിജയിക്കുന്നുവെന്നും എക്‌സിൽ കുറിച്ചു.
”വികസനം വിജയിക്കുന്നു. സദ്‌ഭരണം വിജയിക്കുന്നു, ഞങ്ങൾ ഇനിയും ഒരുമിച്ച് ഉയരത്തിൽ കുതിക്കും. എൻഡിഎക്ക് ചരിത്രപരമായ അധികാരം നൽകിയതിന് മഹാരാഷ്‌ട്രയിലെ എന്റെ സഹോദരി സഹോദരന്മാർക്ക് പ്രത്യേകിച്ച്, സംസ്‌ഥാനത്തെ യുവജനങ്ങൾക്കും സ്‌ത്രീകൾക്കും ഹൃദയംഗമായ നന്ദി. ഈ വാൽസല്യവും ഊഷ്‌മളതയും സമാനതകളില്ലാതാണ്”- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
ജാർഖണ്ഡിൽ ജെഎംഎം നയിക്കുന്ന സഖ്യത്തെ അഭിനന്ദിച്ച മോദി, എൻഡിഎക്ക് വോട്ട് ചെയ്‌തവർക്ക് നന്ദി അറിയിച്ചു. ജാർഖണ്ഡിലെ ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടാൻ എന്നും മുന്നിൽ കാണുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മഹാരാഷ്‌ട്രയിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. തോൽവി വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുൽ എക്‌സിൽ കുറിച്ചു. പിന്തുണ നൽകിയ സംസ്‌ഥാനത്തെ എല്ലാ വോട്ടർമാർക്കും പ്രവർത്തകരുടെ കഠിനാധ്വാനത്തിനും രാഹുൽ നന്ദി പറഞ്ഞു.
മഹാരാഷ്‌ട്രയിൽ നിന്ന് ഏറ്റവും ഒടുവിൽ വന്ന കണക്കുകൾ പ്രകാരം സംസ്‌ഥാനത്ത് മഹായുതി സഖ്യം 233 സീറ്റുകളിലാണ് വിജയം ഉറപ്പിച്ചത്. 288 സീറ്റുകളിലേക്കായിരുന്നു മൽസരം. മഹാവികാസ് അഖാഡിയായിരുന്നു മുഖ്യ എതിരാളി. ബിജെപി ഒറ്റയ്‌ക്ക് 83 സീറ്റിൽ വിജയിക്കുകയും 50 സീറ്റുകളിൽ ലീഡ് ഉറപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ശിവസേന 39 സീറ്റുകൾ, എൻസിപി 33 സീറ്റുകൾ എന്നിവയിലാണ് വിജയമുറപ്പാക്കിയത്.
എക്‌സിറ്റ് പോൾ പ്രവചനങ്ങളെ കാറ്റിൽപ്പറത്തിയാണ് ജാർഖണ്ഡിൽ ജെഎംഎം സർക്കാർ (ജാർഖണ്ഡ് മുക്‌തി മോർച്ച) ഭരണത്തുടർച്ച നേടിയത്. 81 സീറ്റുള്ള സംസ്‌ഥാനത്ത് 54 സീറ്റ് നേടിയാണ് ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം സംസ്‌ഥാനത്ത് മൂന്നാം തവണയും ഭരണം പിടിക്കുന്നത്. സംസ്‌ഥാനത്തിന്റെ ഉള്ളൊഴുക്കുകൾ മറ്റാരേക്കാളും അടുത്തറിഞ്ഞ ഹേമന്ത് സോറൻ തന്നെയാണ് ഇന്ത്യാ സഖ്യത്തിന്റെ വിജയശിൽപ്പി.
Most Read| കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി