കടുംപിങ്ക് നിറത്തിന്റെ മാന്ത്രികതകൊണ്ട് വാർത്തകളിൽ ഇടംനേടിയ തടാകമുണ്ട്. ഇറാനിലെ മഹർലൂ തടാകമാണ് അതിന്റെ നിറത്തിന്റെ വ്യത്യസ്‌തതകൊണ്ട് ലോകശ്രദ്ധയാകർഷിച്ചത്. സഞ്ചാരികളെയും ഫോട്ടോഗ്രാഫർമാരെയും ഒരുപോലെ വിസ്‌മയിപ്പിക്കുന്ന ഈ കടുംപിങ്ക് നിറത്തിന് പിന്നിൽ എന്തെങ്കിലും അൽഭുതമുണ്ടോ?
പിങ്ക് നിറത്തിന് പിന്നിലെ രഹസ്യം?
തറയിൽ വീണ റോസാപൂക്കളുടെ നിറമാണ് മഹർലൂ തടാകത്തിന്. തടാകത്തിലെ അതിശക്‌തമായ ലവണാംശവും ചൂടുമാണ് ഈ മാന്ത്രിക നിറത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് പറയപ്പെടുന്നു. വേനൽക്കാലത്ത് തടാകത്തിലെ വെള്ളം ബാഷ്‌പീകരിച്ച് പോകുമ്പോൾ ഉപ്പിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നു. ഈ സാഹചര്യത്തിൽ ‘Dunaliella Salina’ എന്നറിയപ്പെടുന്ന പ്രത്യേകതരം ആൽഗകൾ തടാകത്തിൽ അതിവേഗം വളരാൻ തുടങ്ങും.
സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷണം നേടനായി ഈ ആൽഗകൾ ഉൽപ്പാദിപ്പിക്കുന്ന ചുവന്ന പിഗ്‌മെന്റാണ് (Carotenoids) തടാകത്തിന് ഈ മനോഹരമായ പിങ്ക് നിറം നൽകുന്നത്. വർഷം മുഴുവനും ഈ തടാകം പിങ്ക് നിരത്തിലായിരിക്കില്ല എന്നതാണ് മറ്റൊരു പ്രത്യേകത. മഴക്കാലത്ത് ശുദ്ധജലം ഒഴുകിയെത്തി ഉപ്പിന്റെ അളവ് കുറയുമ്പോൾ തടാകം വീണ്ടും പഴയ നീല നിറത്തിലേക്ക് മടങ്ങും. എന്നാൽ, ചൂട് കൂടുന്തോറും തടാകം അതിന്റെ ‘റോസ്’ കുപ്പായം അണിയും.
ഷിറാസ് നഗരത്തിൽ നിന്നും വെറും 27 കിലോമീറ്റർ അകലെയുള്ള ഈ തടാകം ഫ്‌ളമിംഗോ പക്ഷികളുടെയും പ്രിയപ്പെട്ട ഇടമാണ്. തടാകത്തിലെ ഈ ആൽഗകളെ ആഹാരമാക്കുന്നത് കൊണ്ടാണ് ഫ്‌ളമിംഗുകൾക്കും ആ പിങ്ക് നിറം ലഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ






































