ആഗോള റാങ്കിംഗിന് പേരുകേട്ട ജനപ്രിയ ഓൺലൈൻ ഫുഡ് ഗൈഡായ ടേസ്‌റ്റ് അറ്റ്ലസ് പുറത്തിറക്കിയ പട്ടികയുടെ ഒന്നാം നിരയിൽ തന്നെ ഇന്ത്യൻ ഭക്ഷണങ്ങൾ സ്‌ഥാനം പിടിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീറ്റ് ഫുഡുകളുടെ പട്ടികയിൽ അഞ്ചാം സ്‌ഥാനം നേടിയാണ് മലയാളികളുടെ പ്രിയപ്പെട്ട മലബാർ പൊറോട്ട തലയുയർത്തിയത്.
100 മികച്ച സ്ട്രീറ്റ് ഫുഡുകളുടെ പട്ടികയിലാണ് പൊറോട്ട അടിച്ചു കയറിയത്. അൾജീരിയൻ സ്ട്രീറ്റ് ഫുഡായ ഗാരന്റിറ്റയാണ് ഒന്നാമത്. പൊറോട്ടയ്ക്കു തൊട്ടു പുറകേ ഏഴാം സ്‌ഥാനത്തായി ഇന്ത്യൻ സ്ട്രീറ്റ് ഫുഡായ അമൃത്‌സരി കുൽച്ചയുണ്ട്. പട്ടികയിൽ നാൽപ്പതാം സ്‌ഥാനത്താണ് മറ്റൊരു ഇന്ത്യൻ വിഭവമായ ചോലെ ബട്ടൂര. അമ്പത്തൊമ്പതാമതായി ഉത്തരേന്ത്യൻ വിഭവമായ പറാത്തയുമുണ്ട്. ഇന്ത്യൻ ടിക്ക, ദോശ, ചാട്ട്, എന്നിവയാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് ഇന്ത്യൻ സ്ട്രീറ്റ് ഫുഡുകൾ.
ഇതൊക്കെയാണങ്കിലും, പൊറോട്ട കഴിക്കുന്നതുകൊണ്ട് നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും യാതൊരു ഗുണവും പ്രത്യേകിച്ച് ലഭിക്കില്ല എന്നതാണ് വസ്‌തുത. മൈദകൊണ്ടുള്ള ഈ വിഭവത്തിൽ യാതൊരു ഫൈബറുമില്ല. മാത്രമല്ല 350 കലോറി വരെ പൊറോട്ടയിൽ ഉള്ളതിനാൽ ഇത് ശരീര ഭാരം വർധിക്കാൻ കാരണമാകും. പ്രമേഹം, ഹൃദ്രോഗം അടക്കമുള്ളവയിലേക്കും നയിച്ചേക്കും.
അതുകൊണ്ടുതന്നെ, മൈദകൊണ്ടുള്ള പൊറോട്ട കഴിക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുന്നത് നല്ലതാണ്. വീറ്റ് പൊറോട്ട അഥവാ ഗോതമ്പ് പൊറോട്ട കഴിക്കുന്നത് മൈദയോളം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കില്ല. എന്തായാലും, ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീറ്റ് ഫുഡുകളുടെ പട്ടികയിൽ മലബാർ പൊറോട്ടയും സ്‌ഥാനം പിടിച്ചതിൽ മലയാളികൾക്ക് അഭിമാനിക്കാം.
KAUTHUKAM | 124ആം വയസിലും ചുറുചുറുക്കിൽ ക്യൂ ചൈഷി