പാലക്കാട്: ഓണാഘോഷത്തിന്റെ ആവേശംകൂട്ടാൻ നടത്തിയ തീറ്റമൽസരത്തിൽ പങ്കെടുത്തയാൾ ഇഡ്‌ഡലി തൊണ്ടയിൽക്കുടുങ്ങി മരിച്ചു. കഞ്ചിക്കോട് പുതുശ്ശേരി ആലാമരം ബി. സുരേഷ് (49) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്‌ക്ക് 12 ഓടെയാണ് സംഭവം. ഉത്രാടദിനത്തിൽ വീടിനുസമീപം കളികളും പാട്ടുകളുമായി കൂടിയ 30ഓളം പേരുള്ള ചെറുസംഘത്തിന്റെ ഓണാഘോഷങ്ങളിൽ പങ്കെടുക്കുകയായിരുന്നു ടിപ്പർലോറി ഡ്രൈവറായ സുരേഷ്. മൽസരാർഥികൾക്ക് ഓരോരുത്തർക്കും മൂന്ന് ഇഡ്‌ഡലി വീതം നൽകിയശേഷം കുറഞ്ഞ സമയത്തിനുള്ളിൽ കഴിച്ചുതീർക്കുന്ന ആൾക്ക് സമ്മാനം ലഭിക്കുന്ന തരത്തിലാണ് തീറ്റമൽസരം സംഘടിപ്പിച്ചത്.
ടൈമർവെച്ച് നടത്തിയ മൽസരം തുടങ്ങിയ ഉടൻ ഇഡ്‌ഡലികൾ അതിവേഗം വായ്‌ക്കുള്ളിലാക്കിയെങ്കിലും വൈകാതെ സുരേഷ് കുഴഞ്ഞുവീഴുകയായിരുന്നു. കഠിനമായ ശ്വാസതടസ്സം അനുഭവപ്പെട്ട സുരേഷിനെ സുഹൃത്തുക്കൾ ഉടൻ സമീപത്തുള്ള സ്വകാര്യ ക്ളിനിക്കിലെത്തിച്ചു. ഇവിടെ പ്രഥമശുശ്രൂഷ നൽകിയെങ്കിലും ശ്വാസതടസം മാറ്റാനായില്ല.
വിദഗ്‌ധ ചികിൽസക്കായി വാളയാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഭക്ഷണാവശിഷ്‌ടങ്ങൾ ഡോക്‌ടർമാർ പുറത്തെടുത്തെങ്കിലും വൈകാതെ സുരേഷ് മരിച്ചു. അഛൻ: പരേതനായ ബാബു. അമ്മ: പാഞ്ചാലി. സംസ്‌കാരം ഇന്ന് കഞ്ചിക്കോട് വാതക ശ്‌മശാനത്തിൽ.
MALABAR | പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി