കൊൽക്കത്ത: ഐലീഗിലെ രണ്ടാം മൽസരത്തിൽ ഗോകുലം കേരള എഫ്സിക്ക് തകർപ്പൻ ജയം. ആദ്യ പകുതിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പിന്നിട്ട് നിന്നിട്ടും തളരാത്ത പോരാട്ട വീര്യവുമായി പൊരുതിയാണ് മലബാറിയൻസ് ആദ്യ ജയം നേടിയത്. മൂന്ന് പോയിന്റോടെ ടീം ഈ വർഷത്തെ കുതിപ്പ് തുടങ്ങി. കരുത്തരായ മിനർവ പഞ്ചാബ് ടീമിനെതിരായാണ് ഗോകുലം അവിശ്വസനീയ വിജയം സ്വന്തമാക്കിയത്.
ആദ്യപകുതിയിൽ തന്നെ ഇരുടീമുകളും ആക്രമണ ഫുട്ബാൾ കാഴ്ചവെച്ചപ്പോൾ നിർണായക ലീഡ് മിനർവ പഞ്ചാബ് നേടി. പതിനെട്ടാം മിനിറ്റിൽ മിനർവക്ക് വേണ്ടി ചെഞ്ചോയാണ് ആദ്യ ഗോൾ നേടിയത്. ഇരുപത്തി അഞ്ചാം മിനിറ്റിൽ ചെഞ്ചോ തന്നെ മിനർവയുടെ ലീഡുയർത്തി. ഏറെ നേരത്തെ ആക്രമണത്തിന് ഒടുവിലാണ് ഇതിന് പിന്നാലെ ഗോകുലത്തിന്റെ ആദ്യ ഗോൾ വന്നത്. ഫിലിപ് അഡ്ജയാണ് ഗോകുലത്തിന് വേണ്ടി ഗോൾ വല ചലിപ്പിച്ചത്.
എന്നാൽ ആദ്യ പകുതി തീരുന്നതിന് മുൻപ് ഒരിക്കൽ കൂടി മിനർവ ഗോൾ നേടിയതോടെ ഗോകുലം തോൽവി മണത്തതാണ്. റൂപർട്ടാണ് മിനർവക്ക് വേണ്ടി മൂന്നാം ഗോൾ നേടിയത്. ഇടവേള വിസിൽ മുഴങ്ങുന്നതിന് തൊട്ട് മുൻപായിരുന്നു ഈ ഗോൾ.
എന്നാൽ തോൽവി വഴങ്ങാൻ കൂട്ടാക്കാതിരുന്ന ഗോകുലം രണ്ടാം പകുതിയിൽ വർധിത വീര്യത്തോടെയാണ് കളത്തിൽ ഇറങ്ങിയത്. അറുപത്തി ഒൻപതാം മിനിറ്റിൽ ഡെന്നിയാണ് ഗോകുലത്തിന്റെ രണ്ടാം ഗോൾ നേടിയത്. ഇതിന് പിന്നാലെ ഡെന്നി തന്നെ ഒരുവട്ടം കൂടി ലക്ഷ്യം കണ്ടു. മിനർവക്ക് ഒപ്പമെത്തിയ ഗോകുലം അവിടം കൊണ്ട് നിർത്തിയില്ല. നിരന്തരം എതിർ ഗോൾ മുഖത്ത് ഭീഷണി സൃഷ്ടിച്ച ഗോകുലം ഒടുവിൽ അൻവർ അലിയുടെ ഓൺ ഗോളിൽ മുന്നിലെത്തി.
ചെന്നൈ സിറ്റിക്ക് എതിരായ ആദ്യ കളിയിൽ തോൽവി വഴങ്ങിയ ഗോകുലത്തിന് മിനർവക്ക് എതിരായ ജയം നൽകുന്ന പ്രതീക്ഷ ചെറുതല്ല. ഈ മാസം 20ന് ഐസ്വാളിന് എതിരായാണ് ഗോകുലത്തിന്റെ അടുത്ത മൽസരം.
Read Also: ജയിച്ചാൽ പരമ്പര; ഓസീസിനെതിരെ നാലാം ടെസ്റ്റിന് ഇന്ത്യ നാളെയിറങ്ങും







































