കൊൽക്കത്ത: ഐലീഗിൽ വിജയ പാതയിലേക്ക് തിരികെയെത്തി ഗോകുലം കേരള. ട്രാവു എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ന് കൊൽക്കത്തയിൽ വെച്ച് നടന്ന മൽസരത്തിൽ കേരളത്തിന്റെ ഏക ഐലീഗ് ക്ളബ്ബായ ഗോകുലം തറപറ്റിച്ചത്.
എമിൽ ബെന്നിയാണ് ഗോകുലം കേരളയുടെ ഗോൾ വേട്ടക്ക് തുടക്കമിട്ടത്. പതിനാറാം മിനുട്ടിൽ ഒരു ഇടം കാലൻ വോളിയിലൂടെ ആയിരുന്നു ഈ മലയാളി യുവതാരത്തിന്റെ ത്രസിപ്പിക്കുന്ന ഗോൾ. പിന്നീട് രണ്ടാം പകുതിയുടെ 57ആം മിനുട്ടിൽ ഷെരീഫ് മുഹമ്മദും ഗോകുലത്തിനായി ഗോൾവല കുലുക്കി. കോർണറിൽ നിന്നും ലഭിച്ച ബോൾ ഷെരീഫ് ലക്ഷ്യ സ്‌ഥാനത്ത് എത്തിക്കുക ആയിരുന്നു. 86ആം മിനുട്ടിൽ ആയിരുന്നു ഗോകുലത്തിന്റെ മൂന്നാം ഗോൾ പിറന്നത്. സൊഡിങ്ലിയാനയാണ് മൂന്നാം ഗോൾ നേടിയത്.
അതേസമയം മറുവശത്ത് ടർസ്നോവ് ട്രാവുവിനായി ആശ്വാസ ഗോൾ നേടി. 86ആം മിനുട്ടിൽ ആയിരുന്നു ടർസ്നോവിന്റെ ഗോൾ.
ആറു കളികളിൽ നിന്നും ഏഴു പോയിന്റുമായി ലീഗിൽ ഒൻപതാം സ്‌ഥാനത്ത് ആയിരുന്ന ഗോകുലം ഈ ജയത്തോടെ 10 പോയിന്റുമായി നാലാം സ്‌ഥാനത്തേക്ക് കുതിച്ചു. ലീഗിൽ ഒന്നാമതുള്ള മൊഹമ്മദൻസിനേക്കാൾ മൂന്ന് പോയിന്റ് മാത്രം പിറകിലാണ് ഇപ്പോൾ ഗോകുലം കേരള. അതേസമയം ട്രാവു ആകട്ടെ ഏഴു കളികളിൽ നിന്നും പത്തു പോയിന്റ് ആണ് ഇതുവരെ നേടിയത്.
Read Also: ‘വെള്ളേപ്പ’ത്തിലെ ആദ്യ ഗാനമെത്തി; തിളങ്ങി നൂറിനും അക്ഷയ്‌യും