പാലക്കാട്: മലമ്പുഴയിൽ അധ്യാപകൻ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്‌കൂൾ കുട്ടികളുടെ ഞെട്ടിക്കുന്ന മൊഴിയാണ് പുറത്തുവന്നത്. സ്‌കൂളിലെ സംസ്‌കൃതം അധ്യാപകൻ അനിൽ കുട്ടികളെ സ്‌കൂളിൽ വെച്ചും പീഡിപ്പിച്ചതായി യുപി വിഭാഗത്തിലെ ആൺകുട്ടികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ള്യൂസി) മൊഴി നൽകി.
ചില കുട്ടികളെ അധ്യാപകൻ താമസിക്കുന്ന സ്‌ഥലത്ത് എത്തിച്ച് പീഡിപ്പിച്ചെന്നും അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ അശ്‌ളീല ദൃശ്യങ്ങളുണ്ടെന്നും മൊഴിയിലുണ്ട്. അഞ്ച് കുട്ടികൾ മലമ്പുഴ പോലീസിൽ പരാതി നൽകി. കൂടുതൽ തെളിവുകൾ ശേഖരിക്കാനായി ഫോൺ ശാസ്‌ത്രീയ പരിശോധനക്ക് അയക്കും. ആദ്യഘട്ടത്തിൽ കൗൺസിലിങ് നൽകിയ വിദ്യാർഥികളാണ് സമാന ദുരനുഭവം നേരിട്ടതായി മൊഴി നൽകിയത്.
ഇനി മറ്റു കുട്ടികൾക്കും സിഡബ്ള്യൂസി കൗൺസലിങ് നൽകും. പീഡനത്തിനിരയായത് യുപി ക്ളാസുകളിലെ ആൺകുട്ടികളാണ്. നവംബർ 29നായിരുന്നു കേസിനാസ്‌പദമായ സംഭവം. സ്‌കൂൾ കായിക മൽസരത്തിൽ മികച്ച വിജയം നേടിയതിന് സമ്മാനം തരാമെന്ന് പറഞ്ഞാണ് ആൺകുട്ടിയെ അധ്യാപകൻ സ്‌കൂട്ടറിൽ തന്റെ വാടക വീട്ടിലെത്തിച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിച്ച് അതിക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചത്.
മലമ്പുഴ പോലീസാണ് പ്രതിയെ പോക്‌സോ വകുപ്പ് പ്രകാരം അറസ്‌റ്റ് ചെയ്‌തത്. വിദ്യാർഥി സഹപാഠിയോട് നടത്തിയ തുറന്നുപറച്ചിലിൽ ആണ് ക്രൂര പീഡനത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. സ്‌കൂൾ അധികൃതർ വിഷയം ഒതുക്കി തീർത്തെങ്കിലും സ്‌പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന ക്രൂരത പുറത്തുവന്നതും പ്രതി പിടിയിലായതും.
Most Read| ‘ജനനായകന്’ പ്രദർശനാനുമതി; U/A സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ്






































