മലപ്പുറം: കരുവാരക്കുണ്ടിൽ കടുവ ഇറങ്ങിയെന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് പ്രദേശവാസികളിൽ ഭീതി പടർത്തിയ യുവാവ് അറസ്‌റ്റിൽ. കരുവാരക്കുണ്ട് മണിക്കനാംപറമ്പിൽ ജെറിനെയാണ് പിടികൂടിയത്. വനംവകുപ്പിന്റെ പരാതിയിലാണ് അറസ്‌റ്റ്. ആർത്തല പ്രദേശത്ത് നിന്ന് കഴിഞ്ഞ ശനിയാഴ്‌ച പകർത്തിയതാണെന്ന രീതിയിലാണ് കടുവയുടെ വ്യാജ വീഡിയോ ജെറിൻ കഴിഞ്ഞദിവസം പ്രചരിപ്പിച്ചത്.
ഇതോടെ ടാപ്പിങ് തൊഴിലാളികൾ ഉൾപ്പടെയുള്ള പ്രദേശവാസികൾ വലിയ ഭീതിയിലും ആശങ്കയിലുമായി. വനത്തോട് ചേർന്ന പ്രദേശമായ ആർത്തലയിൽ ഏതാനും വർഷങ്ങൾക്ക് മിൻപ് കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. അതിനാൽ തന്നെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വനംവകുപ്പ് ഉൾപ്പടെ വലിയ ജാഗ്രതയാണ് പുലർത്തിയിരുന്നത്.
പ്രദേശത്ത് നിരീക്ഷണം ശക്‌തമാക്കുന്നതിനൊപ്പം കടുവയെ പിടികൂടാനായി കൂട് സ്‌ഥാപിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളുമായി വനംവകുപ്പ് മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ, പ്രദേശത്ത് കടുവയുടേതെന്ന് തോന്നിപ്പിക്കുന്ന കാൽപ്പാടുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്താൻ കഴിയാത്ത വന്നതോടെ ജെറിനെ കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ വീഡിയോ ശനിയാഴ്‌ച തന്നെ പകർത്തിയതാണെന്ന നിലപാടിലായിരുന്നു ജെറിൻ. എന്നാൽ, ഉന്നത ഉദ്യോഗസ്‌ഥരെത്തി വിശദമായി ചോദ്യം ചെയ്‌തതോടെയാണ് മുൻപ് തനിക്ക് ലഭിച്ച വീഡിയോ എഡിറ്റ് ചെയ്‌താണ് ഇപ്പോഴത്തെ സംഭവമെന്ന നിലയിൽ പ്രചരിപ്പിച്ചതെന്ന് ജെറിൻ സമ്മതിച്ചത്.
മണിക്കൂറുകളോളം ഒരു നാടിനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ജെറിനെതിരെ സർക്കാർ ഉദ്യോഗസ്‌ഥരെ തെറ്റിദ്ധരിപ്പിക്കുക, നാട്ടിൽ അനാവശ്യ ഭീതി പടർത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വനംവകുപ്പുമായി ചർച്ച ചെയ്‌ത ശേഷം ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പടെ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ