മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശ്ശേരി ഈസ്‌റ്റിൽ ഉൽസവത്തിനിടെ ഉണ്ടായ വെടിവെയ്‌പ്പിൽ യുവാവിന് ഗുരുതര പരിക്ക്. പാണ്ടിക്കാട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ചെമ്പ്രശ്ശേരി ഈസ്‌റ്റിൽ കുടുംബക്ഷേത്രത്തിലെ ഉൽസവത്തിനിടെയാണ് സംഘർഷമുണ്ടായത്.
സംഘർഷത്തിൽ ചെമ്പ്രശ്ശേരി സ്വദേശിയായ ലുക്‌മാനാണ് (37) ഗുരുതരമായി പരിക്കേറ്റത്. ഇയാളുടെ കഴുത്തിന് വെടിയേറ്റതായാണ് പ്രാഥമിക വിവരം. യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടശ്ശേരി സ്വദേശികളാണ് വെടിയുതിർത്തതെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
കോടശ്ശേരി സ്വദേശികളും ചെമ്പ്രശ്ശേരി സ്വദേശികളും തമ്മിൽ കഴിഞ്ഞ ആഴ്‌ച മറ്റൊരു ഉൽസവത്തിൽ ഉണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇവർ രണ്ടുവിഭാഗങ്ങളായി തിരിഞ്ഞു ചീട്ട് കളി നടന്നിരുന്നു. ഇതിനിടെയാണ് ആദ്യ സംഘർഷം നടന്നത്.
ഇതിന് ശേഷം ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നു. പേപ്പർ സ്‌പ്രേ, ഇരുമ്പ് വടി, എയർ ഗൺ എന്നിവയുമായിരുന്നു സംഘം എത്തിയിരുന്നത്. ചേരി തിരിഞ്ഞു അക്രമിക്കുന്നതിനിടെ ആദ്യം വലിയ രീതിയിൽ കല്ലേറുണ്ടായി. കല്ലേറിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിന് ശേഷമാണ് എയർ ഗൺ ഉപയോഗിച്ച് വെടിവെപ്പുണ്ടായത്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ