മലപ്പുറം: കാളികാവിൽ കടുവാ ദൗത്യത്തിനായി എത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു. ദൗത്യത്തിനെത്തിച്ച കുഞ്ചുവെന്ന കുങ്കിയാനയാണ് ഇന്ന് രാവിലെ പാപ്പാനെ ആക്രമിച്ചത്. ചന്തു എന്ന പാപ്പാനെ കുങ്കിയാന എടുത്തെറിയുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ വണ്ടൂരിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടുവാ ദൗത്യത്തിനായി കോന്നി സുരേന്ദ്രനെയും, കുഞ്ചുവിനെയുമാണ് വനംവകുപ്പ് എത്തിച്ചിരുന്നത്. കടുവയ്‌ക്കായുള്ള തിരച്ചിലിനായി ആനകളെ കൊണ്ടുപോയിരുന്നില്ല. കടുവയെ കണ്ടെത്തുന്ന സാഹചര്യത്തിൽ മാത്രമേ കുങ്കിയാനകളെ വനത്തിലേക്ക് എത്തിക്കേണ്ടതുള്ളൂ. അതുകൊണ്ടുതന്നെ ഒരു സുരക്ഷിത സ്‌ഥലത്ത് കോന്നി സുരേന്ദ്രനെയും കുഞ്ചുവിനെയും പാർപ്പിച്ചിരിക്കുകയാണ്.
60 അംഗ സംഘമാണ് കടുവയ്‌ക്കായി മേഖലയിൽ തിരച്ചിൽ നടത്തുന്നത്. പലയിടങ്ങളിലായി 50 ക്യാമറകളും സ്‌ഥാപിച്ചിട്ടുണ്ട്. കടുവയെ കണ്ടെത്താൻ സ്‌ഥലത്ത് ഡ്രോൺ നിരീക്ഷണവും നടത്തുന്നുണ്ട്. കാളികാവിൽ കടുവയുടെ ദൃശ്യം പതിഞ്ഞ സ്‌ഥലം കേന്ദ്രീകരിച്ച് ഇന്ന് കൂടുതൽ പരിശോധന നടത്തും. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക.
ഈ മാസം 15നാണ് കാളികാവ് അടയ്‌ക്കാക്കുണ്ടിൽ റബർ ടാപ്പിങ്ങിന് പോയ തൊഴിലാളിയെ കടുവ ആക്രമിച്ച് കൊന്നത്. ചോക്കാട് കല്ലാമൂല സ്വദേശി അബ്‌ദുൽ ഗഫൂർ ആണ് കൊല്ലപ്പെട്ടത്. കാളികാവ് അടയ്‌ക്കാക്കുണ്ടിൽ റാവുത്തൻകാവ് ഭാഗത്ത് സ്ളോട്ടർ ടാപ്പിങ് നടത്തുന്ന തോട്ടത്തിലാണ് കടുവയുടെ ആക്രമണം നടന്നത്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ