മലപ്പുറം: സമ്പൂർണ വാക്സിനേഷൻ നേട്ടവുമായി മലപ്പുറം നഗരസഭ. 18 വയസിന് മുകളിലുള്ള 57,459 പേരിൽ 54,471 പേർക്ക് ആദ്യഘട്ടത്തിൽ വാക്സിൻ നൽകിയാണ് സമ്പൂർണ വാക്സിനേഷൻ എന്ന നേട്ടം നഗരസഭ കൈവരിച്ചത്. കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് ത്രിവർണ ബലൂണുകൾ കൈമാറി നഗരസഭയുടെ സമ്പൂർണ വാക്സിനേഷൻ പ്രഖ്യാപനം ജില്ലാ കളക്ടർ വിആർ പ്രേംകുമാർ നിർവഹിച്ചു.
നിലവിൽ നഗരസഭാ പരിധിയിലെ 22,430 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. ആശാപ്രവർത്തകരും അങ്കണവാടി ജീവനക്കാരും മുഴുവൻ വാർഡുകളിലും ഗൃഹസന്ദർശനം നടത്തി വാക്സിൻ എടുക്കാത്തവരുടെ വിവരങ്ങൾ ശേഖരിച്ചാണ് സമ്പൂർണ വാക്സിനേഷൻ ഉറപ്പാക്കിയതെന്ന് കളക്ടർ പറഞ്ഞു. അതേസമയം, സമ്പൂർണ വാക്സിനേഷൻ ജില്ലയായി മലപ്പുറത്തെ മാറ്റാനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണെന്നും കളക്ടർ അറിയിച്ചു.
ജില്ലയ്ക്ക് കൂടുതൽ ഡോസ് വാക്സിൻ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എല്ലാവരും പ്രതിരോധ വാക്സിൻ സ്വീകരിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. രണ്ട് സ്പെഷ്യാലിറ്റി ആശുപത്രികൾ, ഭിന്നശേഷി വാക്സിൻ ക്യാമ്പ്, കിടപ്പിലായ രോഗികൾക്ക് വീട്ടിലെത്തിയുള്ള വാക്സിനേഷൻ പദ്ധതി, പ്രത്യേക മുൻഗണനാ വാക്സിനേഷൻ ക്യാമ്പുകൾ, വിദ്യാർഥികൾക്കുള്ള ക്യാമ്പുകൾ, ഗർഭിണികൾക്കുള്ള ക്യാമ്പുകൾ തുടങ്ങിയവ വഴി വാക്സിൻ നൽകിയാണ് നഗരസഭ നേട്ടം കൈവരിച്ചത്.
Read Also: ഡെങ്കി അപകടകാരി; കേരളമടക്കം 11 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം






































