മലപ്പുറം: 14-വയസുകാരിയായ ദലിത് വിദ്യാർഥിനിയെ വാണിയമ്പലം തൊടികപ്പുലം റെയിൽവേ ട്രാക്കിനടുത്തുള്ള കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. കുട്ടിയുടെ കൊലപാതകം പ്രണയപ്പകയാണെന്ന നിഗമനത്തിലാണ് പോലീസ്.
കുട്ടിയുടെ സ്‌കൂളിൽ പഠിക്കുന്ന പ്ളസ് ടു വിദ്യാർഥിയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി വിദ്യാർഥി മൊഴി നൽകിയതായാണ് വിവരം. പെൺകുട്ടിയുടെ വസ്‌ത്രങ്ങൾ അടങ്ങിയ സ്‌കൂൾ ബാഗും ചെരിപ്പും പരിസരത്ത് നിന്ന് കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ, കാരണമെന്താണ് തുടങ്ങിയ ചോദ്യങ്ങൾക്കാണ് ഇനി ഉത്തരം ലഭിക്കേണ്ടത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് വാണിയമ്പലത്തിനും തൊടികപ്പുലത്തിനും ഇടയിൽ റെയിൽവേ പുറമ്പോക്ക് സ്‌ഥലത്തെ കുറ്റിക്കാട്ടിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ തന്നെ വസ്‌ത്രം ഉപയോഗിച്ച് കൈകൾ മുന്നിലേക്ക് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. അതേസമയം, കൊല്ലപ്പെട്ട 14-കാരിയുടെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും.
വ്യാഴാഴ്‌ച രാവിലെ അനുജത്തിക്കൊപ്പം സ്‌കൂളിലേക്ക് പുറപ്പെട്ട പെൺകുട്ടി സ്‌കൂൾ ഗേറ്റ് വരെ ചെന്നെങ്കിലും ക്ളാസിൽ എത്തിയിരുന്നില്ല. വൈകീട്ട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാവ് പോലീസിൽ വിവരമറിയിച്ചു. സ്‌കൂളിലെ പ്ളസ് ടു വിദ്യാർഥിയുമായി അടുപ്പമുണ്ടായിരുന്ന കാര്യവും ബന്ധുക്കൾ അറിയിച്ചു.
തുടർന്ന് പെൺകുട്ടിയുടെ ഫോട്ടോ പ്രചരിപ്പിച്ച് കണ്ടെത്താൻ ശ്രമം നടത്തി. ഇതിനിടെ വൈകീട്ട് ആറുമണിക്ക് പെൺകുട്ടി വീട്ടിലേക്ക് വിളിച്ച് ഉടൻ എത്താമെന്ന് പറഞ്ഞെങ്കിലും എത്തിയില്ല. പിന്നീട് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിദ്യാർഥിനിയും 16 വയസുകാരനും തൊടികപ്പുലം റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് എത്തിയതായി കണ്ടെത്തി.
പിന്നാലെ പോലീസ് ഈ ഭാഗത്ത് തിരച്ചിൽ ശക്‌തമാക്കി. ഇതിനിടെ, നാട്ടുകാരും ബന്ധുക്കളും കണ്ടെത്തിയ വിദ്യാർഥിയോട് ചോദിച്ചപ്പോൾ പെൺകുട്ടിയുമായി വൈകീട്ട് പിരിഞ്ഞെന്നും പിന്നീട് കണ്ടില്ലെന്നും അറിയിച്ചു. വിദ്യാർഥിയെ കസ്‌റ്റഡിയിൽ എടുത്ത പോലീസ് ഇന്നലെ രാവിലെ വീണ്ടും ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതകത്തെ കുറിച്ച് സൂചന ലഭിച്ചത്.
തുടർന്ന് വിദ്യാർഥിയുമായി നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കാര്യങ്ങൾ പരസ്‌പര വിരുദ്ധമായി പറഞ്ഞ് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനും വിദ്യാർഥി ശ്രമിച്ചിരുന്നു. പെൺകുട്ടിയുടെ പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിച്ചതിന് ശേഷമായിരിക്കാം വിദ്യാർഥിയുടെ അറസ്‌റ്റ് ഉൾപ്പടെയുള്ള തുടർനടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങുക.
Most Read| വധശിക്ഷ ഒഴിവാക്കിയതിൽ നന്ദിയെന്ന് ട്രംപ്; ഇറാൻ-യുഎസ് സംഘർഷം അയയുന്നു



































