മഞ്ചേരി: മലപ്പുറം എളങ്കൂരിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. പേലേപ്പുറം കാപ്പിൻത്തൊടി വീട്ടിൽ വിഷ്‌ണുജ (26) മരിച്ച സംഭവത്തിൽ കസ്‌റ്റഡിയിലെടുത്ത ഭർത്താവ് പ്രബിന്റെ അറസ്‌റ്റാണ് രേഖപ്പെടുത്തിയത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. പൂക്കോട്ടുംപാടം മാനിയിൽ പാലൊളി വാസുദേവന്റെ മകളാണ് വിഷ്‌ണുജ.
ഭർതൃവീട്ടിലെ പീഡനമാണ് മരണകാരണമെന്ന് ആരോപിച്ചു ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസ്. കഴിഞ്ഞ 30ന് വൈകിട്ട് 5.30ന് ആണ് വിഷ്‌ണുജയുടെ മരണവിവരം ബന്ധുക്കൾ അറിയുന്നത്. ബെഡ്റൂമിന്റെ ജനലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. രണ്ട് കൈയ്യിൽ നിന്നും രക്‌തം വാർന്ന നിലയിലായിരുന്നു. വിഷ്‌ണുജയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു.
ഭർതൃവീട്ടിലെ മാനസിക പീഡനം സംബന്ധിച്ച് നേരത്തെ സ്വന്തം വീട്ടുകാർക്ക് സൂചന നൽകിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. സൗന്ദര്യം കുറവാണെന്ന് പറഞ്ഞു പ്രബിൻ നിരന്തരം വിഷ്‌ണുജയെ ആക്ഷേപിച്ചിരുന്നെന്ന് കുടുംബം പറയുന്നു. വിവാഹം കഴിഞ്ഞു ഒന്നരവർഷമായിട്ടും ഒപ്പം വാഹനത്തിൽ കൊണ്ടുപോകാനോ വിഷ്‌ണുജയുടെ വീട്ടിലേക്ക് വരാനോ പ്രബിൻ തയ്യാറായിരുന്നില്ല.
ഒപ്പം കൊണ്ടുനടക്കാനുള്ള സൗന്ദര്യം ഇല്ലെന്നാണ് പ്രബിൻ പറഞ്ഞിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. സ്‌ത്രീധനം കുറഞ്ഞുപോയെന്നും ആക്ഷേപിച്ചിരുന്നു. മാനസികമായി വിഷ്‌ണുജ വളരെയധികം പീഡനം നേരിട്ടിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്‌സ് ആണ് പ്രബിൻ. 2023 മേയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഡിഗ്രി പഠനത്തിന് ശേഷം പിഎച്ച്ഡി കോഴ്‌സ് പൂർത്തിയാക്കി ബാങ്കിങ് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുകയായിരുന്നു വിഷ്‌ണുജ.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി