കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസന്റെ ഭൗതികശരീരം ഉദയംപേരൂരിലെ വീട്ടിൽ എത്തിച്ചു. ഒരുമണിമുതൽ മൂന്നുവരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനം ഉണ്ടാകും. സംസ്‌കാരം നാളെ രാവിലെ പത്തിന് ഉദയംപേരൂരിലെ വീട്ടിൽ നടക്കും. പ്രിയ ‘ശ്രീനി’യുടെ അപ്രതീക്ഷിത വിയോഗത്തിൽ കണ്ണീർ പൊഴിക്കുകയാണ് മലയാള സിനിമാ ലോകം.
പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയായിരുന്നു ശ്രീനിവാസൻ. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്‌ഥിരീകരിച്ചു.
മരണവിവരമറിഞ്ഞ് സിനിമാ-രാഷ്‌ട്രീയ-സാമൂഹിക മേഖലയിലുള്ളവർ ആശുപത്രിയിലേക്കെത്തി. തിരക്കഥാകൃത്തും നടനുമായ രഞ്‌ജി പണിക്കർ, നടി സരയു, നിർമാതാവ് ആന്റോ ജോസഫ്, കെ ബാബു എംഎൽഎ എന്നിവർ അടക്കമുള്ളവർ ആശുപത്രിയിലെത്തി. മുഖ്യമന്ത്രിയും മന്ത്രി സജി ചെറിയാനും കൊച്ചിയിലുണ്ട്. ഇരുവരും ശ്രീനിവാസന് ആദരാഞ്‌ജലി അർപ്പിക്കാനെത്തും.
മലയാള സിനിമയ്‌ക്ക് വീണ്ടെടുക്കാനാവാത്ത നഷ്‌ടമാണ് ശ്രീനിവാസന്റെ വേർപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ചലച്ചിത്രത്തിന്റെ സമസ്‌ത രംഗങ്ങളിലും നായക സ്‌ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താൻ ഇച്‌ഛിക്കുന്ന ബോധതലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരൻമാർ വേറെ അധികമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ മനുഷ്യരുടെ ജീവിതവും അസാധാരണ ശൈലിയിൽ പകർത്തി എഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അനുശോചിച്ചു. തൊട്ടതെല്ലാം പൊന്നാക്കിയ മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയാണ് അദ്ദേഹമെന്നും സതീശൻ പറഞ്ഞു.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്






































