സ്‌പെയിനിലെ ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ നടന്‍ മാനവ് മികച്ച നടനുള്ള പുരസ്‌കാരം നേടി. ഫിസിമാഡ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലിലാണ് ‘ഇരുമ്പ്’ എന്ന ചിത്രത്തിലെ മാനവിന്റെ പ്രകടനത്തിന് വീണ്ടും അന്താരാഷ്‍ട്ര പുരസ്‌കാരം ലഭിച്ചത്. ഗേറ്റുവേ ഫിലിംസിന്റെ ബാനറില്‍ കെ നായര്‍ നിര്‍മിച്ച് പ്രദീഷ് ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് ഇരുമ്പ്. സ്‌പെയിനിലെ ഫിസിമാഡ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലില്‍ ആദ്യമായാണ് ഒരു മലയാള നടന് അവാര്‍ഡ് ലഭിക്കുന്നത്.
കൊമേഴ്‌സ്യൽ ഛായ വിട്ട് കലാമൂല്യമുള്ള ചിത്രങ്ങളുടെ കൂട്ടത്തിലാണ് ‘ഇരുമ്പ്’. ബലാൽസംഗം ചെയ്യപ്പെട്ട ഇരയുടെ കുടുംബത്തിലെ ഒരു പിതാവിന്റെയും മാതാവിന്റെയും ആത്‌മസംഘർഷങ്ങളുടെ നേർക്കാഴ്‌ചയാണ് ഈ സിനിമ. സാമൂഹിക പ്രസക്‌തമായ വിഷയം തീർത്തും വ്യത്യസ്‌തമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് ഇരുമ്പ്.

തന്റെ രണ്ട് പെൺമക്കളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളികളെ നീതിപീഡം ശിക്ഷിക്കാന്‍ മടിച്ചു നിന്നപ്പോള്‍ വിധി സ്വയം നടപ്പിലാക്കുന്ന ആന്റണി എന്ന കഥാപാത്രത്തെയാണ് മാനവ് ഇരുമ്പില്‍ അവതരിപ്പിച്ചത്. ആന്റണിയുടെ വൈകാരിക അവസ്‌ഥയെ കേന്ദ്രീകരിച്ചായിരുന്നു സിനിമ. ലോകത്തെ ഏറ്റവും മികച്ച 40 ചലച്ചിത്ര മേളകളില്‍ ചിത്രം ശ്രദ്ധ നേടിയിരുന്നു.
Read also: നട്ടെല്ലില്ലാത്തവർ; ഷമിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് കോഹ്‌ലി






































