കൊച്ചി: എഴുത്തുകാരനും ചിന്തകനും അധ്യാപകനുമായ പ്രഫ. എംകെ സാനു അന്തരിച്ചു. 98 വയസായിരുന്നു. കഴിഞ്ഞ 25ന് വീട്ടിൽ വീണ് ഇടുപ്പെല്ലിന് പരിക്കേറ്റ് കൊച്ചി അമൃത ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. വൈകീട്ട് 5.35നായിരുന്നു അന്ത്യം. നാളെ രാവിലെ പത്തുമണിക്ക് എറണാകുളം ടൗൺഹാളിൽ ഭൗതികദേഹം പൊതുദർശനത്തിന് വയ്ക്കും.
വൈകീട്ട് അഞ്ചുമണിക്ക് രവിപുരം ശ്മശാനത്തിലാണ് സംസ്കാരം. മലയാള ഭാഷയിലെ മികച്ച ജീവചരിത്ര കൃതികളെല്ലാം എംകെ സാനുവിന്റെ നിരീക്ഷണത്തിൽ നിന്നും സംഭാവന ചെയ്യപ്പെട്ടതാണ്. മലയാളസാഹിത്യ നിരൂപണ മേഖല മാത്രമല്ല, ഒരു കാലഘട്ടമൊന്നാകെ ഗുരുനാഥനായി ഏറ്റെടുത്ത പ്രതിഭാസം തന്നെയായിരുന്നു അദ്ദേഹം. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും അപൂർവം പ്രതിഭകളിൽ ഒരാളായിരുന്നു.
തന്റെ എഴുത്തുകാലമത്രയും, ഗൗരവപൂർണമായ പുസ്തകങ്ങൾ രചിച്ചുകൊണ്ട്, പകരം വെക്കാൻ ഭാഷയ്ക്ക് മറ്റൊരു പേരില്ലാത്തവിധം അടയാളപ്പെടുത്തപ്പെട്ടു മലയാളികളുടെ സാനു മാഷ്. എഴുത്തുകാരൻ, അധ്യാപകൻ, ചിന്തകൻ, വാൽമീകി, ജനപ്രതിനിധി എന്നിങ്ങനെ പല നിലകളിൽ പ്രാഗൽഭ്യം തെളിയിച്ച സാനു മാഷിന് വിപുലമായ ശിക്ഷ്യസമ്പത്തുമുണ്ട്.
80ലേറെ പുസ്തകങ്ങൾ രചിച്ച അദ്ദേഹത്തിന് എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പടെയുള്ള നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 1927 ഒക്ടോബർ 27ന് ആലപ്പുഴയിലെ തുമ്പോളിയിൽ എംസി കേശവന്റെയും കെപി ഭവാനിയുടെയും മകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ മലയാളത്തിൽ എംഎ നേടിയ എംകെ സാനു നാലുവർഷത്തോളം സ്കൂൾ അധ്യാപകനായിരുന്നു.
പിന്നീട് വിവിധ കോളേജുകളിൽ അധ്യാപകനായി. 1958ലാണ് ആദ്യ പുസ്തകം ‘അഞ്ച് ശാസ്ത്ര നായകൻമാർ’ പ്രസിദ്ധീകരിച്ചത്. 1960ൽ വിമർശന ഗ്രന്ഥമായ ‘കാറ്റും വെളിച്ചവും’ പുറത്തിറക്കി. ഇതോടെ, മലയാള സാഹിത്യ നിരൂപണത്തിൽ തന്റേതായ മാർഗം എംകെ സാനു തെളിച്ചെടുത്തു. സൗമ്യവും എന്നാൽ കരുത്തുറ്റതുമായ ഭാഷയിൽ അദ്ദേഹം മലയാള നിരൂപണത്തിന്റെ പുതിയ വഴികൾ കാട്ടിക്കൊടുത്തു.
1983ൽ ജോലിയിൽ നിന്ന് വിരമിച്ചു. 1984ൽ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. 1987ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്ന് ഇടതു സ്വതന്ത്രനായി മൽസരിച്ച് ജയിച്ചു. എന്നാൽ, സജീവ രാഷ്ട്രീയത്തിൽ നിന്ന് അകന്നുനിന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട്, കേരള യൂണിവേഴ്സിറ്റി ശ്രീനാരായണ സ്റ്റഡി സെന്റർ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി സമഗ്ര സംഭവനയ്ക്കുള്ള പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചു. ‘കർമഗതി’ എന്ന ആത്മകഥ എഴുതിയിട്ടുണ്ട്. സഹോദരൻ അയ്യപ്പന്റെ സഹോദരിയും പൊതുപ്രവർത്തകയും ആയിരുന്ന തപസ്വിനി അമ്മയെക്കുറിച്ചുള്ള പുസ്തകമാണ് അവസാനം പ്രസിദ്ധീകരിച്ചത്.
ഭാര്യ പരേതയായ എൻ. രത്നമ്മ. മക്കൾ: എംഎസ് രഞ്ജിത്, എംഎസ് രേഖ, ഡോ. എംഎസ് ഗീത, എംഎസ് സീത, എംഎസ് ഹാരിസ്. മരുമക്കൾ: സിവി മായ, സികെ കൃഷ്ണൻ, അഡ്വ. പിവി ജ്യോതി, ഡോ. പ്രശാന്ത് കുമാർ, മിനി.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്ജ് റെഡി