ഭോപ്പാൽ: മധ്യപ്രദേശ് തലസ്‌ഥാനമായ ഭോപ്പാലിൽ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. ഭോപ്പാലിലെ ഗായത്രി വിഹാർ കോളനിയിൽ താമസക്കാരിയായ മലയാളി നഴ്‌സ് ടിഎം മായയാണ് (37) മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് മായയുടെ സുഹൃത്തായ ഉത്തർപ്രദേശ് സ്വദേശി ദീപക് കട്ടിയാർ (31) അറസ്‌റ്റിലായി.
ഇരുവരും തമ്മിൽ അഞ്ചു വർഷത്തോളമായി അടുപ്പത്തിൽ ആയിരുന്നുവെന്ന് പോലീസ് വ്യക്‌തമാക്കി. ബന്ധത്തിൽ നിന്ന് പിൻമാറാൻ മായ വിസമ്മതിച്ചതാണ് കൊലയ്‌ക്ക് കാരണമെന്ന് ദീപക് മൊഴി നൽകി. കഴിഞ്ഞ വർഷം ദീപക് മറ്റൊരു യുവതിയെ വിവാഹം ചെയ്‌തിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായിരുന്നു കൊലപാതകം.
ഇക്കഴിഞ്ഞ വ്യാഴാഴ്‌ച പുലർച്ചെ ദീപക് തന്നെയാണ് മായയെ അബോധാവസ്‌ഥയിൽ ആശുപത്രിയിൽ എത്തിച്ചത്. തലകറങ്ങി വീണെന്നും തുടർന്ന് അബോധാവസ്‌ഥയിലായെന്നുമാണ് ദീപക് ആശുപത്രിയിൽ പറഞ്ഞത്. എന്നാൽ, ആശുപത്രിയിൽ എത്തും മുൻപേ മായ മരിച്ചിരുന്നതായി ഡോക്‌ടർമാർ സ്‌ഥിരീകരിച്ചു. ഇക്കാര്യം പോലീസിൽ അറിയിക്കുകയും ചെയ്‌തു. അപ്പോഴേക്കും ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട ദീപക്കിനെ ഹലാൽപുർ ബസ് സ്‌റ്റാൻഡിൽ നിന്നാണ് പോലീസ് കസ്‌റ്റഡിയിൽ ഉള്ളത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ദീപക് തന്നെയാണ് മായയെ കൊലപ്പെടുത്തിയതെന്ന് പോലീസ് സ്‌ഥിരീകരിച്ചു. ശ്വാസം മുട്ടിച്ചാണ് മായയെ കൊലപ്പെടുത്തിയത്. മരിച്ചു നാല് മണിക്കൂറിന് ശേഷമാണ് ദീപക് മായയെ ആശുപത്രിയിൽ എത്തിച്ചത്. വിവാഹിതയായ മായ അഞ്ചുവർഷം മുമ്പാണ് മറ്റൊരു ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ അവോടെ ജീവനക്കാരനായിരുന്ന ദീപക്കിനെ പരിചയപ്പെട്ടത്. പിന്നീട് ആശുപത്രി മാറിയ മായ ഭർത്താവിനും 12 വയസുള്ള മകനുമൊപ്പമായിരുന്നു താമസം. അപ്പോഴും ദീപക്കുമായുള്ള ബന്ധം മായ തുടർന്നിരുന്നു.
മൂന്നുമാസം മുൻപ് മായയുടെ ഭർത്താവ് നാട്ടിലേക്ക് മടങ്ങിയിരുന്നു. കാൻപൂർ സ്വദേശിയായ ദീപക് ലാൽഘട്ടിലെ ഫ്‌ളാറ്റിലായിരുന്നു താമസം. മായ ഇടയ്‌ക്കിടെ ഇവിടെ എത്തിയിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. ബുധനാഴ്‌ച വൈകിട്ടും മായ ദീപക്കിനെ കാണാനായി ഇവിടെ എത്തിയിരുന്നു. അന്നുരാത്രി തന്നെ കൊലപാതകം നടന്നതായാണ് നിഗമനം.
Most Read| പാനൂർ ബോംബ് സ്‌ഫോടനം; രണ്ടുപേർ കൂടി കസ്‌റ്റഡിയിൽ






































