മുംബൈ: 2008ലെ മാലേഗാവ് സ്ഫോടനക്കേസിൽ വാദം കേട്ടിരുന്ന എൻഐഎ കോടതി ജഡ്ജി എകെ ലഹോട്ടിയെ മുംബൈയിൽ നിന്ന് നാസിക്കിലേക്ക് സ്ഥലം മാറ്റി. കേസിൽ വിധിന്യായം തയ്യാറാക്കുന്നതിന് മുന്നേയാണ് ജഡ്ജിയെ സ്ഥലം മാറ്റിയത്.
ജഡ്ജിമാരുടെ വാർഷിക സ്ഥലം മാറ്റത്തോട് അനുബന്ധിച്ചു ബോംബെ ഹൈക്കോടതിയുടെ രജിസ്ട്രാർ ജനറലാണ് ഉത്തരവിറക്കിയത്. വേനലവധിക്ക് ശേഷം ജൂൺ ഒമ്പതിന് സ്ഥലംമാറ്റം പ്രാബല്യത്തിൽ വരും. അതേസമയം, വാദം കേൾക്കൽ പൂർത്തിയായ കേസുകളിൽ അതിന് മുൻപ് വിധിന്യായം പൂർത്തിയാക്കണമെന്ന് സ്ഥലം മാറ്റപ്പെട്ട എല്ലാ ജഡ്ജിമാരോടും നിർദ്ദേശിച്ചു.
ശനിയാഴ്ചത്തെ അവസാന വാദം കേൾക്കലിൽ, ഈ മാസം 15ന് അകം ശേഷിക്കുന്ന വാദങ്ങൾ പൂർത്തിയാക്കാൻ ജഡ്ജി പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും നിർദ്ദേശിച്ചിരുന്നു. ജഡ്ജിയുടെ സ്ഥലംമാറ്റം നീതി വൈകിപ്പിക്കുമെന്ന് സ്ഫോടനത്തിന് ഇരയായവർ പറഞ്ഞു. കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണിവർ.
17 വർഷം പഴക്കമുള്ള കേസിന്റെ വാദം കേൾക്കലിനിടെ സ്ഥലം മാറ്റപ്പെടുന്ന അഞ്ചാമത്തെ ജഡ്ജിയാണ് ലഹോട്ടി. 2008 സെപ്തംബർ 29ന് നാസിക്കിനടുത്ത് മാലേഗാവിൽ മസ്ജിദിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കിലുണ്ടായ സ്ഫോടനത്തിൽ ആറുപേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രജ്ഞ സിങ് ഠാക്കൂറിന്റെ പേരിലുള്ളതാണ് ബൈക്ക് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ആദ്യം മഹാരാഷ്ട്ര എടിഎസ് അന്വേഷിച്ച കേസ് 2011ൽ എൻഐഎ ഏറ്റെടുത്തു. യുഎപിഎ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെയുള്ളത്. 2014ൽ ബിജെപി അധികാരത്തിൽ എത്തിയ ശേഷം കേസിൽ ഒട്ടേറെ സാക്ഷികൾ കൂറുമാറി. ഭോപ്പാലിൽ നിന്നുള്ള മുൻ എംപിയും സന്യാസിനുമായ പ്രജ്ഞ സിങ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ





































