‘മോദി സ്വയം പറയുന്നത് സിംഹമാണ്, ധീരനാണ് എന്നൊക്കെ, അദ്ദേഹം ഭീരുവാണ്’; മല്ലികാർജുൻ ഖർഗെ

പ്രകടന പത്രികയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പാക്കുമെന്നും അദ്ദേഹം പൊതുസമ്മേളനത്തിൽ ഉറപ്പ് നൽകി.

By Trainee Reporter, Malabar News
Mallikarjun Kharge
Ajwa Travels

ബത്തേരി: കോൺഗ്രസ് അധികാരത്തിൽ വന്നാൽ പൗരത്വ നിയമം റദ്ദാക്കുമെന്ന് പാർട്ടി പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെ. പ്രകടന പത്രികയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പാക്കുമെന്നും അദ്ദേഹം പൊതുസമ്മേളനത്തിൽ ഉറപ്പ് നൽകി.

ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത തരത്തിൽ തൊഴിലില്ലായ്‌മയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. വർഷം രണ്ടുകോടി തൊഴിലവസരം നൽകുമെന്ന് പറഞ്ഞിട്ട് ആർക്കെങ്കിലും ജോലി ലഭിച്ചോ? വിദേശത്തുള്ളവരുടെ കള്ളപ്പണം പിടിച്ചെടുത്ത് ഏല്ലാവർക്കും 15 ലക്ഷം നൽകുമെന്ന് പറഞ്ഞു. ആർക്കെങ്കിലും 15 ലക്ഷം ലഭിച്ചോ? കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞിട്ട് ഏതെങ്കിലും കർഷകന്റെ വരുമാനം ഇരട്ടിയായോ? പ്രധാനമന്ത്രി കള്ളം പറയാൻ പാടുണ്ടോ?- ഖർഗെ ചോദിച്ചു.

മോദി പറയുന്നതൊക്കെ കള്ളമാണ്. അതുകൊണ്ട് മോദി നുണയനാണ്. മോദി പറയുന്നത് കോൺഗ്രസിന്റെ പ്രകടന പത്രിക മുസ്‌ലിംകൾക്ക് ഉള്ളതാണെന്നാണ്. സമയം അനുവദിച്ചാൽ മോദിക്ക് പ്രകടന പത്രിക ഞാൻ വിശദീകരിക്കാം. രാജ്യത്തെ എല്ലാവർക്കും വേണ്ടിയുള്ള പ്രകടന പത്രികയാണ് കോൺഗ്രസിന്റേത്. ഹിന്ദു, മുസ്‌ലിം എന്ന് ജനങ്ങളെ എപ്പോഴും വിഭജിക്കുന്നത് മോദിയാണ്. തൊഴിലുറപ്പ് പദ്ധതിയെ പോലും തള്ളിപ്പറഞ്ഞ ആളാണ് മോദി.

വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ ഉൾപ്പടെ എല്ലാ സ്വതന്ത്ര സ്‌ഥാപനങ്ങളെയും മോദി തകർക്കുകയാണ്. എന്നിട്ട് വീണ്ടും പറയുന്നു നല്ല ദിനങ്ങൾ വരുമെന്ന്. മോദി ലോകം മുഴുവൻ കറങ്ങി നടന്നു. എന്നാൽ, മണിപ്പൂരിൽ പോകാൻ മറന്നു. അവിടെ പോയതും ജനങ്ങളെ ആശ്വസിപ്പിച്ചതും രാഹുലാണ്. ബിജെപി ഇലക്‌ടറൽ ബോണ്ട് വഴി കോടാനുകോടികൾ നിയമവിരുദ്ധമായി നേടി.

എന്നാൽ, കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചു. അഴിമതിക്കാരെ വെളുപ്പിക്കുന്ന വാഷിങ് മെഷീനായി നരേന്ദ്രമോദിയും അമിത് ഷായും പ്രവർത്തിക്കുന്നു. പ്രതിപക്ഷത്തുള്ള 20 നേതാക്കളുടെ പണം പിടിച്ചെടുത്തു. നിരവധി തവണ ചോദ്യം ചെയ്‌തു. നിരവധിപേരെ സിബിഐയും ഇഡിയും അറസ്‌റ്റ് ചെയ്‌തു. അവർ ബിജെപിയിൽ ചേർന്നതോടെ അവരെയൊക്കെ മോദി വെളുപ്പിച്ചെടുത്തു.

രാഹുൽ ഗാന്ധിയെ ഭയന്നിട്ടാണ്, കഴിഞ്ഞ 35 വർഷമായി അധികാരത്തിലില്ലാത്ത നെഹ്റു കുടുംബത്തെ മോദി നിരന്തരം ആക്രമിക്കുന്നത്. ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്നവരെ മോദി ഭയക്കുന്നു. മോദി സ്വയം പറയുന്നത് സിംഹമാണ്, ധീരനാണ് എന്നൊക്കെയാണ്. എന്നാൽ അദ്ദേഹം ഒരു ഭീരുവാണെന്നും ഖർഗെ കൂട്ടിച്ചേർത്തു.

Most Read| കരുവന്നൂർ കേസ്; എംഎം വർഗീസിനെ വിടാതെ ഇഡി- വീണ്ടും സമൻസ് അയച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE