ന്യൂഡെൽഹി: തിരഞ്ഞെടുപ്പുകളിൽ ഡിസിസി പ്രസിഡണ്ടുമാരുടെ പങ്ക് വളരെ നിർണായകമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കേരളം ഉൾപ്പടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജില്ലയിലെ ഓരോ സ്‌ഥാനാർഥിയുടെയും വിജയം ഉറപ്പാക്കേണ്ടത് ഡിസിസി അധ്യക്ഷൻമാരാണെന്നും ഖർഗെ പറഞ്ഞു.
ഡെൽഹിയിൽ ഡിസിസി അധ്യക്ഷൻമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മൾ ഒരുമിച്ച് പ്രവർത്തിക്കും. നിങ്ങൾ ഞങ്ങളുടെ ആദ്യ പ്രതിരോധ നിരയാണ്. ഞങ്ങളുടെ തന്ത്രം ആസൂത്രണം ചെയ്യുന്നതിൽ നിങ്ങളുടെ അഭിപ്രായങ്ങൾ നിർണായകമാകും. അവ ഞങ്ങൾ കണക്കിലെടുക്കുമെന്നും ഖർഗെ പറഞ്ഞു.
2024ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ പാർട്ടികൾ ബിജെപി സഖ്യത്തിനെതിരെ ഒറ്റക്കെട്ടായി പോരാടി. അവരെ 240 സീറ്റുകളിലേക്ക് പരിമിതപ്പെടുത്തി. ഭരണഘടന മാറ്റാനുള്ള ബിജെപി-ആർഎസ്എസിന്റെ രഹസ്യ ആഗ്രഹം നമ്മുടെ ഭരണഘടനയെ സംരക്ഷിക്കുക എന്ന പ്രചാരണം വഴി തുറന്നുകാട്ടി. ഇന്ന് ബിജെപിക്ക് ഭൂരിപക്ഷമില്ല. രണ്ട് സഖ്യകക്ഷികളെ ആശ്രയിച്ചാണ് അവരുടെ ഭരണം. 400 സീറ്റുകൾ അവകാശപ്പെട്ട ഒരു പ്രധാനമന്ത്രിക്ക് നമ്മൾ വലിയ തിരിച്ചടി നൽകിയെന്നും ഖർഗെ പറഞ്ഞു.
കോൺഗ്രസ് കൂടുതൽ കഠിനാധ്വാനം ചെയ്‌തിരുന്നെങ്കിൽ, 20-30 സീറ്റുകൾ കൂടി നേടാമായിരുന്നു. അത്തരം സീറ്റുകളുടെ വർധനവ് രാജ്യത്ത് ഒരു ബദൽ സർക്കാർ രൂപീകരിക്കുന്നതിലേക്ക് നയിച്ചേനെ. നമ്മൾ അത് നേടിയിരുന്നെങ്കിൽ, നമ്മുടെ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും നേരെയുള്ള ആസൂത്രിതമായ ആക്രമണം തടയാൻ കഴിയുമായിരുന്നുവെന്നും ഖർഗെ യോഗത്തിൽ പറഞ്ഞു.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!